
തിരുവനന്തപുരം: കണ്ണൂരില്‍ നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. സ്‌കൂള്‍ മാനേജരാണ് ബിജെപി നേതാവായ അധ്യാപകന്‍ കെ.പത്മരാജനെ പിരിച്ചുവിട്ടു കൊണ്ട് ഉത്തരവിട്ടത്. പത്മരാജനെ പിരിച്ചുവിട്ട വിവരം വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയും അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് കെ.പത്മരാജനെ ആജീവനാന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു കൊണ്ട് കോടതി ഉത്തരവിട്ടത്.
2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പത്ത് വയസ്സുകാരിയെ സ്‌കൂളിലെ ശുചിമുറിയില്‍വച്ചു മൂന്നു തവണ പീഡിപ്പിച്ചെന്നാണു കേസ്. ബിജെപി പ്രാദേശിക നേതാവും സ്‌കൂള്‍ അധ്യാപകനുമായ കടവത്തൂര്‍ മുണ്ടത്തോടിലെ കുറുങ്ങാട്ട് ഹൗസില്‍ കെ.പത്മരാജനാണ് പീഡിപ്പിച്ചത്.
പീഡനവിവരം കുട്ടി മാതൃസഹോദരിയോട് പറഞ്ഞതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈനിലും പാനൂര്‍ പൊലീസിലും കുട്ടിയുടെ മാതാവ് പരാതി നല്‍കി. സംഭവം നടന്ന് രണ്ടുമാസത്തിനു ശേഷമാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പോക്‌സോ ചുമത്തി കേസെടുത്തു. ഏപ്രില്‍ 15ന് പ്രതിയെ അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് അടക്കം നാലു സംഘം മാറിമാറി അന്വേഷിച്ച കേസില്‍ നാലാമത്തെ സംഘമാണ് ശാസ്ത്രീയ തെളിവുകളുടെ ബലത്തില്‍ അന്തിമ കുറ്റപത്രം നല്‍കിയത്. ക്രൈംബ്രാഞ്ച് പോക്‌സോ ഒഴിവാക്കി കുറ്റപത്രം നല്‍കിയത് വിവാദമായിരുന്നു.



