
ലഖ്‌നൗ: ഫരീദാബാദില്‍ നിന്ന് വന്‍ തോതില്‍ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളുമായി പിടിയിലായ വൈറ്റ് കോളര്‍ തീവ്രവാദികളില്‍ നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന ഇടപാടുകളുടെ വിവരങ്ങള്‍. വിദേശത്ത് നിന്നടക്കം ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും എത്തിച്ചതായാണ് കണ്ടെത്തല്‍. റഷ്യന്‍ നിര്‍മിത എ.കെ-56 റൈഫിള്‍, മറ്റൊരു റഷ്യന്‍ നിര്‍മിത അസോള്‍ട്ട് റൈഫിളായ എ.കെ ക്രിന്‍കോവ്, ഒരു ചൈനീസ് സ്റ്റാര്‍ പിസ്റ്റള്‍, ബെരേറ്റ പിസ്റ്റള്‍, 2900 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ എന്നിവയാണ് തീവ്രവാദികളില്‍ നിന്ന് കണ്ടെത്തിയിരുന്നത്. രാജ്യത്താകെ സ്ഫോടനം നടത്തുക എന്ന ഉദ്ദേശത്തോടെ ഇവര്‍ വലിയതോതില്‍ സ്ഫോടകവസ്തുക്കള്‍ സംഭരിച്ചിരുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
വൈറ്റ് കോളര്‍ തീവ്രവാദ മൊഡ്യൂളുമായി ബന്ധപ്പെട്ട് പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായത്. ഇതില്‍ അന്വേഷണ സംഘം അറസ്റ്റ് ചെയ്ത മുസമ്മില്‍ ഗനായി, ഷഹീന്‍ സായിദ്, അദീല്‍ റാഥര്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായ ഡോക്ടര്‍മാര്‍. ഇതില്‍ മുസമ്മില്‍ വാങ്ങിയ അഞ്ചുലക്ഷം രൂപ വിലവരുന്ന റഷ്യന്‍ നിര്‍മിത എ.കെ-56 റൈഫിള്‍, അദീലിന്റെ ലോക്കറില്‍ നിന്ന് കണ്ടെത്തിയതാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. ഭീകരവാദികളുടെ ലക്ഷ്യങ്ങള്‍ എത്രത്തോളം അപകടകരമാണെന്ന് അന്വേഷണ സംഘം അപ്പോഴാണ് തിരിച്ചറിഞ്ഞത്.
റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ സംഘടിപ്പിക്കാന്‍ നീക്കം നടത്തിയത് അറസ്റ്റിലായ ഷഹീന്‍ സയീദാണെന്നാണ് എന്‍ഐഎ പറയുന്നത്. സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാനായി ഡീപ് ഫ്രീസറും ഇത്തരത്തില്‍ സംഘടിപ്പിച്ചു. ചൂടുകൂടിയാല്‍ അപകടമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഐഇഡി തയ്യാറാക്കാനുള്ള സ്ഫോടകവസ്തുക്കള്‍ സൂക്ഷിക്കാനാണ് ഡീപ് ഫ്രീസര്‍ വാങ്ങിയത്. അതീവ രഹസ്യമായി നടത്തിയ ചര്‍ച്ചയിലൂടെയാണ് ഇവ സംഭരിച്ചത്. ഡല്‍ഹിയില്‍ ചാവേര്‍ ആക്രമണം നടത്തിയ ഉമര്‍ നബിയുടെ നിര്‍ദേശപ്രകാരം ഇടപാടുകള്‍ നടന്നത് മുസമ്മില്‍ വഴിയായിരുന്നെന്നും എന്‍ഐഎ കണ്ടെത്തി.
ആയുധങ്ങള്‍ക്കും സ്ഫോടകവസ്തുക്കള്‍ക്കുമായി 26 ലക്ഷം രൂപയാണ് ഇവര്‍ സംഘടിപ്പിച്ചത്. പണം കണ്ടെത്താനുള്ള ചുമതല ഷഹീന്‍ ആണ് ഏറ്റെടുത്തത്. ഫണ്ട് കണ്ടെത്തുന്നതില്‍ മാത്രമല്ല ആയുധങ്ങളും സ്ഫോടകവസ്തുക്കളും സംഭരിക്കാനും ഷഹീന് നിരവധി വഴികള്‍ അറിയാമായിരുന്നുവെന്നാണ് ഇന്റലിജന്‍സിന് ലഭിച്ച വിവരം. പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഉമര്‍ ഫറൂഖിന്റെ ഭാര്യയും ജയ്ഷെയുടെ വനിതാ ഭീകര വിഭാഗത്തിന്റെ നേതാക്കളിലൊരാളുമായ അഫിറാ ബീബിയുമായി ഷഹീന് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.
ഡല്‍ഹിയില്‍ ചാവേര്‍ ആക്രമണം നടത്തിയ ഉമര്‍ നബി ഐഇഡി തയ്യാറാക്കാനായി പരിശീലനം നേടിയത് ഓണ്‍ലൈന്‍ വഴി തുര്‍ക്കിയില്‍ നിന്നുള്ള ഹാന്‍ഡ്ലറിന്റെ സഹായത്തോടെയാണ് എന്നാണ് കണ്ടെത്തിയത്. എല്ലാ പദ്ധതികളും പൂര്‍ത്തിയായി ആക്രമണത്തിന് സജ്ജമായിക്കൊണ്ടിരിക്കെയാണ് ജമ്മുകശ്മീര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഭീകരവാദികള്‍ ഒന്നൊന്നായി അറസ്റ്റിലാകാന്‍ തുടങ്ങിയത്.



