സിപിഐഎം ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു; സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയി; ഒപ്പ് വ്യാജമെന്ന് പറഞ്ഞ് പത്രിക തള്ളിച്ചു., വിമര്‍ശനവുമായി കണ്ണൂര്‍ ഡിസിസി പ്രസിഡണ്ട്.

കണ്ണൂര്‍: കണ്ണൂരില്‍ സിപിഐഎം ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് വിമര്‍ശിച്ച് കണ്ണൂര്‍ ഡിസിസി പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ്. സിപിഎമ്മിന്റെ രാഷ്ട്രീയ കളിക്ക് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. മലപ്പട്ടത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയ സംഭവത്തിലാണ് ഡിസിസി അധ്യക്ഷന്റെ രൂക്ഷവിമര്‍ശനം. റിട്ടേണിങ് ഓഫീസര്‍ക്ക് മുന്നില്‍ നേരിട്ട് ഹാജരായ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക ഒപ്പ് വ്യാജമെന്ന് പറഞ്ഞ് എങ്ങനെയാണ് തള്ളിക്കളയുകയെന്നും അദ്ദേഹം ചോദിച്ചു.

മലപ്പട്ടത്തെ ഒരു വാര്‍ഡില്‍ റിട്ടേണിങ് ഓഫീസര്‍ക്ക് മുന്നില്‍ നേരിട്ട് ഹാജരായ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രികയാണ്, ഒപ്പ് വ്യാജമാണെന്നുപറഞ്ഞു തള്ളിക്കളഞ്ഞത്. സ്ഥാനാര്‍ഥി തന്നെ നേരിട്ട് ഹാജരായിട്ടും അത് സ്ഥാനാര്‍ഥിയുടെ ഒപ്പല്ല എന്ന് പറയുന്നതില്‍ എന്തു യുക്തിയാണുള്ളതെന്നും സിപിഎം ഓഫീസുകളില്‍ തയ്യാറാക്കിയ ഒരേ രൂപത്തിലുള്ള പരാതികളാണ് പത്രിക തള്ളിക്കാനായി നല്‍കിയതെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

മുന്‍കാലങ്ങളില്‍ എല്ലാ സീറ്റിലും സിപിഎം എതിരില്ലാതെ വിജയിക്കാറുള്ള പ്രദേശങ്ങളില്‍ ശക്തമായ പോരാട്ടത്തിന് യുഡിഎഫ് തയ്യാറെടുക്കുമ്പോള്‍ അതിലുള്ള അസഹിഷ്ണുതയാണ് സിപിഎം പ്രകടിപ്പിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നാടായ ആന്തൂരില്‍ പത്രിക പിന്‍വലിപ്പിക്കാനായി വനിതാ സ്ഥാനാര്‍ഥിയെ തട്ടിക്കൊണ്ടുപോയ സംഭവമുണ്ടായി. ആന്തൂരിലെ അഞ്ചാംപീടിക വാര്‍ഡിലെ സ്ഥാനാര്‍ഥി ലിവ്യയെ വീട്ടില്‍ തടഞ്ഞു വെച്ച് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി ഒപ്പിട്ടു വാങ്ങി. ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന സിപിഎമ്മിന്റെ സമീപനം സുഗമമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ തന്നെ ബാധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ തവണയും സമാന രീതിയിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രിക പിന്‍വലിപ്പിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ ഭരണം നേടാന്‍ എന്ത് അതിക്രമത്തിനും സിപിഎം മുതിരും എന്നതിന്റെ തെളിവാണ് ഈ സംഭവങ്ങള്‍. ജനാധിപത്യ പ്രക്രിയയില്‍ വിശ്വസിക്കുന്ന മുഴുവനാളുകളും ഇതിനെതിരെ പ്രതികരിക്കണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പ്രതികരിച്ചു.

Scroll to Top