
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്താകെ സമ്പൂര്‍ണ ഡ്രൈഡേ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. പോളിങ് ദിനത്തിലും വോട്ടെണ്ണല്‍ ദിനവത്തിലും കേരളത്തില്‍ ഒരുതുള്ളി മദ്യം ലഭിക്കില്ല. 9ന് ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളില്‍ 7ന് വൈകിട്ട് 6 മണി മുതല്‍ 9ന് പോളിങ് അവസാനിക്കും വരെ മദ്യവില്പന നിരോധിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഈ ദിവസങ്ങളില്‍ മദ്യവില്പന നിരോധിച്ചത്.
11ന് രണ്ടാംഘട്ടം നടക്കുന്ന മേഖലയില്‍ 9ന് വൈകിട്ട് 6 മുതല്‍ 11ന് പോളിങ് കഴിയുന്നതുവരെയും മദ്യ വില്പനയ്ക്ക് നിരോധനമുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഈ ദിവസങ്ങളില്‍ നിരോധനമുള്ളത്. വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 13ന് സംസ്ഥാന വ്യാപകമായി ഡ്രൈഡേ ആയിരിക്കും.
പോളിങ് പ്രദേശത്ത് ഒരു തരത്തിലുള്ള മദ്യവിതരണവും പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. മദ്യശാലകള്‍, ബാറുകള്‍ എന്നിവ ഈ ദിവസങ്ങളില്‍ തുറക്കാന്‍ പാടില്ല. മദ്യനിരോധനമില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് നിരോധനമുള്ള ഇടങ്ങളിലേക്ക് മദ്യം എത്തിക്കുന്നതും കുറ്റകരമാണ്. മദ്യം ശേഖരിച്ചുവയ്ക്കുന്നതും നിരോധിച്ചിട്ടുണ്ട്.



