
തിരുവനന്തപുരം: തനിക്കെതിരായ ബലാല്‍സംഗക്കേസിലെ ആരോപണങ്ങള്‍ നിഷേധിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പരാതിക്കാരിയായ യുവതിയുമായി ദീര്‍ഘകാലത്തെ സൗഹൃദമുണ്ടെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗികബന്ധം നടത്തിയതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു. ഗര്‍ഭച്ഛിദ്രം ഉള്‍പടെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും രാഹുല്‍ വാദിക്കുന്നു. തിരുവനന്തപുരം ജില്ലാ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ആരോപണങ്ങള്‍ നിഷേധിക്കുന്നത്. തനിക്കെതിരായ നീക്കം സിപിഐഎം-ബിജെപി ഗൂഢാലോചനയുടെ ഭാഗമായി രാഷ്ട്രീയപ്രേരിതമാണെന്നും രാഹുല്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ ശനിയാഴ്ച കോടതി പരിഗണിച്ചേക്കും.
പരാതിക്കാരിയാണ് സമൂഹമാധ്യമങ്ങള്‍ വഴി ബന്ധപ്പെട്ട് സൗഹൃദമുണ്ടാക്കിയത്. ദീര്‍ഘകാലമായി സൗഹൃദമുണ്ടായിരുന്നു. ഭര്‍ത്താവ് ഗാര്‍ഹികമായി പീഡിപ്പിക്കുന്നെന്നു പറഞ്ഞപ്പോള്‍ അനുകമ്പ തോന്നി. ഈ ബന്ധമാണ് പിന്നീട് ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിലേക്ക് വളര്‍ന്നത്. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായത് കൊണ്ടാണ് പല സ്ഥലങ്ങളില്‍ വച്ച് കണ്ടത്. ഇതെല്ലാം യുവതിയുടെ ചാറ്റുകളില്‍ നിന്നും ഫോണ്‍ രേഖകളില്‍ നിന്നും വ്യക്തമാണ്. യുവതി ഭര്‍ത്താവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ആ സാഹചര്യത്തില്‍ ഗര്‍ഭിണി ആയതിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടുന്നു. പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും രാഷ്ട്രീയബന്ധവും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
യുവതി ആരോപിക്കുന്നതു പോലെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും രാഹുല്‍ വാദിക്കുന്നു. യുവതി വിദ്യാസമ്പന്നയും ബന്ധത്തിലെ ശരിതെറ്റുകള്‍ അറിയാവുന്ന വ്യക്തിയുമാണ്. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന വാദം നിലനില്‍ക്കില്ല. സ്വമേധയെയാണ് ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക കഴിച്ചതെന്ന് യുവതി സമ്മതിച്ചിട്ടുണ്ട്. ഗര്‍ഭവും ഗര്‍ഭഛിദ്രവും വാദത്തിനായി സമ്മതിച്ചാല്‍ പോലും യുവതി സ്വമേധയാ ആണ് അത് ചെയ്തത്.
ചാറ്റുകളും ഫോണ്‍കോളുകളും റെക്കോര്‍ഡ് ചെയ്തത് തന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. പൊലീസിനു പരാതി നല്‍കാതെ ശബ്ദസന്ദേശങ്ങളും ചാറ്റുകളും യുവതി മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുക്കുകയും ചെയ്തു. ജോലി ചെയ്യുന്ന സ്ഥാനപത്തില്‍ തുടരണമെങ്കില്‍ തനിക്കെതിരെ പരാതി നല്‍കണമെന്ന് സ്ഥാപനം പറഞ്ഞിരുന്നതായി യുവതി മുന്‍പ് വ്യക്തമാക്കിയിരുന്നെന്നു പറഞ്ഞ രാഹുല്‍ ഇതിനു തെളിവായി യുവതിയുടെ ശബ്ദസന്ദേശവും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പൊലീസില്‍ പരാതി നല്‍കാതെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതും രാഷ്ട്രീയ താല്‍പര്യമാണ് സൂചിപ്പിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.



