
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ യുവതി തീ കൊളുത്തി ജീവനൊടുക്കിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ യുവതിയുടെ കുടുംബം. മുസ്താര കാത്തൂന്‍ കാസിയെന്ന 40കാരിയാണ് തീകൊളുത്തി മരിച്ചത്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ മുസ്താരയ്ക്ക് ആശങ്കയുണ്ടായിരുന്നെന്ന് കുടുംബം ആരോപിക്കുന്നു. അവിവാഹിതയായ മുസ്താര എസ്‌ഐആര്‍ നടപടികളെത്തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു എന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം.
2022 ലെ വോട്ടര്‍ പട്ടികയില്‍ യുവതിയുടെ പേരുണ്ടായിരുന്നു. എന്നാല്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ തന്റെ പേര് ഒഴിവാക്കപ്പെടുമോ എന്ന് മുസ്താര ഭയന്നിരുന്നെന്നും മകളുടെ മരണത്തില്‍ കേന്ദ്ര സര്‍ക്കാരാണ് ഉത്തരവാദിയെന്നും മാതാപിതാക്കള്‍ ആരോപിച്ചു. അതേസമയം യുവതിയുടെ കുടുംബാംഗങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി സയോനി ഗോഷ് സന്ദര്‍ശിച്ചു.
സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ആദ്യഘട്ടം ബംഗാളില്‍ അവസാനിക്കാറായി. നിലവിലെ വോട്ടര്‍പട്ടികയില്‍ 18.70 ലക്ഷപേര്‍ ജീവിച്ചിരിപ്പില്ലാത്തവരാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തല്‍.



