രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍; നടപടി അതിജീവിതയെ അപമാനിച്ചെന്ന പരാതിയില്‍, ഫോണും ലാപ്‌ടോപ്പും ഹാജരാക്കാന്‍ നിര്‍ദേശം.

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകുന്നേരം അഞ്ചുമണിയോടെ രാഹുല്‍ ഈശ്വറിന്റെ വീട്ടിലെത്തിയ സൈബര്‍ പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. സൈബര്‍ പൊലീസാണ് രാഹുല്‍ ഈശ്വറിനെ ചോദ്യം ചെയ്യുന്നത്. ഫോണും ലാപ്‌ടോപ്പും ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നതായി യുവതി രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കിയിരുന്നു. സൈബര്‍ കേസില്‍ രാഹുല്‍ ഈശ്വറിന്റെ അറസ്റ്റുണ്ടാകുമെന്നും സൂചനയുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെ ശക്തമായി പിന്തുണച്ച് രാഹുല്‍ ഈശ്വര്‍ രംഗത്തുവന്നിരുന്നു.

ഒരു പൊലീസ് ഓഫീസറുടെ സാന്നിധ്യത്തില്‍ സ്വന്തം വാഹനത്തിലാണ് രാഹുല്‍ ഈശ്വര്‍ ചോദ്യം ചെയ്യലിനെത്തിയത്. പെണ്‍കുട്ടിയെ വെളിപ്പെടുത്തുന്ന രീതിയില്‍ പോസ്റ്റിട്ടെന്നാണ് പൊലീസ് പറയുന്നതെന്നും അത് കളവാണെന്നും രാഹുല്‍ ഈശ്വറിന്റെ ഭാര്യ ദീപ പറഞ്ഞു. തുടര്‍ നടപടികളെക്കുറിച്ച് പറഞ്ഞില്ലെന്നും ജാമ്യംകിട്ടുന്ന വകുപ്പുകളാണെന്നാണ് പൊലീസ് പറയുന്നതെന്നും ദീപ പറയുന്നു.

യുവതിയുടെ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ ഒളിവിലാണ്. രാഹുലിന്റെ ഫ്‌ലാറ്റില്‍ പൊലീസ് ഇന്ന് പരിശോധന നടത്തി. ഒളിവില്‍പോയ രാഹുല്‍ തിരുവനന്തപുരത്തെത്തി അഭിഭാഷകനെ കണ്ട് മടങ്ങിയെന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും.

Scroll to Top