ശബരിമല സ്വര്‍ണക്കവര്‍ച്ച; രമേശ് ചെന്നിത്തലയില്‍ നിന്ന് എസ്‌ഐടി മൊഴിയെടുക്കും; പുരാവസ്തു കടത്തിന് രാജ്യാന്തര കൊള്ളസംഘവുമായി ബന്ധമുണ്ടെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ചയ്ക്ക് അന്താരാഷ്ട്ര പുരാവസ്തു കടത്ത് സംഘങ്ങള്‍ക്ക് ബന്ധമുണ്ടെന്ന പ്രസ്താവനയില്‍ രമേശ് ചെന്നിത്തലയുടെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തും. മൊഴി നല്‍കണമെന്ന് എസ്‌ഐടി രമേശ് ചെന്നിത്തലയ്ക്ക് ഫോണില്‍ വിളിച്ച് നിര്‍ദേശം നല്‍കി. ബുധനാഴ്ച മൊഴി നല്‍കാന്‍ ഹാജരാകാമെന്ന് ചെന്നിത്തല അറിയിച്ചിട്ടുണ്ട്. പുരാവസ്തുക്കള്‍ കടത്തി അന്താരാഷ്ട്ര കരിഞ്ചന്തയില്‍ ശതകോടികള്‍ക്കു വിറ്റഴിക്കുന്ന കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ശബരിമല സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധമുണ്ടെന്നും തെളിവ് നല്‍കാന്‍ തയ്യാറാണെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

പുരാവസ്തു കള്ളക്കടത്ത് സംഘത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സഘത്തലവന്‍ എഡിജിപി എച്ച്.വെങ്കടേഷിന് കത്തു നല്‍കിയിരുന്നു. ക്ഷേത്രങ്ങളില്‍ നിന്ന് പുരാവസ്തുക്കള്‍ മോഷ്ടിച്ചു കടത്തി രാജ്യാന്തര കരിഞ്ചന്തയില്‍ കോടിക്കണക്കിന് രൂപയ്ക്കു വില്‍ക്കുന്ന ഒരു സംഘവുമായി ദേവസ്വം ബോര്‍ഡിലെ ചില ഉന്നതര്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി അറിവ് ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം ഈ വഴിക്കു കൂടി മുന്നോട്ടു കൊണ്ടുപോകണം എന്നാവശ്യപ്പെടുന്നതെന്നും കത്തില്‍ പറയുന്നുണ്ട്. ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസിന്റെ കാണാപ്പുറത്തുള്ള അന്താരാഷ്ട്ര മാനങ്ങളെ കുറിച്ചു കൂടി അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

നേരിട്ട് അറിവുള്ള ഒരാളില്‍ നിന്നു ലഭിച്ച വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കത്തു നല്‍കുന്നതെന്നും രമേശ് ചെന്നിത്തല പറയുന്നുണ്ട്. ഏതാണ്ട് 500 കോടിക്കടുതത്ത് ഇടപാട് ശബരിമലയിലെ സ്വര്‍ണപ്പാളിയില്‍ നടന്നതായി വിവരം ലഭിച്ചു. വിവരങ്ങളുടെ വിശ്വാസ്യത താന്‍ പരിശോധിച്ച് അതില്‍ ചില യാഥാര്‍ഥ്യങ്ങളുണ്ടെന്നു മനസിലാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വിവരം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുന്നതെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

Scroll to Top