കാവ്യയുമായുള്ള ദിലീപിന്റെ ബന്ധം ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചു; മഞ്ജുവാര്യരുടെ മൊഴി വിധിയില്‍ നിര്‍ണായകമാകും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് കൂടി ഉള്‍പ്പെട്ട കേസില്‍ നാളെ വിധി വരാനിരിക്കെ നടിയും ദിലീപിന്റെ ആദ്യ ഭാര്യയുമായ മഞ്ജുവാര്യരുടെ മൊഴി നിര്‍ണായകമാകും. കാവ്യ മാധവനുമായുമായുള്ള ബന്ധത്തെക്കുറിച്ച് തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു എന്നായിരുന്നു മഞ്ജു വാര്യരുടെ മൊഴി. ആദ്യാവസാനം വരെ തന്റെ മൊഴിയില്‍ മഞ്ജു ഉറച്ചു നില്‍ക്കുകയും ചെയ്തിരുന്നു. കാവ്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ വീട്ടില്‍ വഴക്കുണ്ടായതായും മഞ്ജു മൊഴി നല്‍കിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ 28ഓളം പേര്‍ മൊഴി മാറ്റിയപ്പോഴും മഞ്ജു മൊഴിയില്‍ ഉറച്ചുനിന്നിരുന്നു.

ദിലീപിന്റെ ഫോണില്‍ നിന്ന് ലഭിച്ച ചില സൂചനകളില്‍ നിന്നാണ് മഞ്ജു ദിലീപും കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് ആദ്യമറിയുന്നത്. പിന്നീട് മഞ്ജു ഇതിനെക്കുറിച്ച് ആക്രമിക്കപ്പെട്ട നടിയോട് ചോദിച്ചു. കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് മഞ്ജുവിനോട് പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയാണെന്ന് ദിലീപ് സംശയിച്ചു. തന്റെ ജീവിതം തകര്‍ത്തത് ഈ നടിയാണെന്ന് ദിലീപ് ഇക്കാലത്ത് പലരോടും പറഞ്ഞ് നടന്നതായും പറയപ്പെടുന്നു. ഇക്കാര്യങ്ങളെല്ലാം മഞ്ജു നല്‍കിയ മൊഴിയിലുണ്ട്.

കേസില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നെന്ന് ആദ്യം പറഞ്ഞവരില്‍ ഒരാളും മഞ്ജു വാര്യരായിരുന്നു. 2017 ജൂണ്‍ 21നാണ് കേസില്‍ മഞ്ജു വാര്യര്‍ മൊഴി നല്‍കിയത്. കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കുന്നതില്‍ ഉള്‍പ്പെടെ മഞ്ജു വാര്യരുടെ മൊഴി നിര്‍ണായകമായി.

2017 ഫെബ്രുവരി പതിനേഴിന് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിലാണ് യുവനടി ആക്രമിക്കപ്പെട്ടത്. ആദ്യഘട്ടത്തില്‍ പ്രതി ചേര്‍ക്കാതിരുന്ന നടന്‍ ദീലീപിനെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂലൈ 10-ന് അറസ്റ്റ് ചെയ്തു. പിന്നാലെ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കി. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബര്‍ മൂന്നിന് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചു.

Scroll to Top