
കണ്ണൂര്‍/കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതിവിധിയെ കുറിച്ച് പ്രതികരണവുമായി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും. കേസില്‍ ഗൂഢാലോചനാ ഭാഗം തെളിയിക്കാനാകാതെ പോയത് പ്രോസിക്യൂഷന്റെ പരാജയമാണെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് പറഞ്ഞു. കേസ് വാദിച്ച് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. ഗൂഢാലോചന തെളിയിക്കാന്‍ കഴിയാതെ പോയത് കേസ് അന്വേഷിച്ച പൊലീസിന്റെയും കോടതിയില്‍ അവതരിപ്പിച്ച പ്രോസിക്യൂഷന്റെയും പരാജയമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. കോടതി വിധി തൃപ്തികരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായവര്‍ കുറ്റക്കാരാണെന്ന വിധി ആശ്വാസകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രതികരിച്ചു. ഒരു സ്ത്രീയ്ക്കും സംഭവിക്കാന്‍ പാടില്ലാത്ത ദുരന്തമാണ് അതിജീവിതയ്ക്കുണ്ടായത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടു എന്നത് സന്തോഷകരമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഈ വിധി കാരണമാകും. തൃക്കാക്കര എം.എല്‍.എ ആയിരുന്ന പി.ടി തോമസിന്റെ അതിശക്തമായ ഇടപെടലാണ് ഇത്തരം ഒരു പരിസമാപ്തിയിലേക്ക് കേസിനെ എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പി.ടി തോമസിന്റെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കേസ് പോലും ഇല്ലാതാകാനുള്ള സാധ്യതയുണ്ടാകുമായിരുന്നു സ്ത്രീ ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതികള്‍ രക്ഷപ്പെടരുതെന്ന വാശി പി.ടി തോമസിനുണ്ടായിരുന്നുവെന്ന് സതീശന്‍ പറഞ്ഞു.
സ്വാഭാവികമായും പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കും. തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനം എടുക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ തീരുമാനം എടുത്തിട്ടില്ലെങ്കില്‍ പ്രോസിക്യൂഷന് അപ്പീല്‍ കോടതിയെ സമീപിക്കാം. പ്രോസിക്യൂഷന് പരാതി ഉണ്ടെങ്കില്‍ അവര്‍ അപ്പീല്‍ പോകും. അപ്പീല്‍ കോടതിയും തെളിവുകളുടെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കും. പ്രോസിക്യൂഷന്‍ പരാജയപ്പെട്ടിട്ടുണ്ടോയെന്ന് വിശദമായ വിധി വന്നാലെ വ്യക്തമാകൂവെന്നും സതീശന്‍ പറഞ്ഞു.



