തനിക്കെതിരെ ഗൂഢാലോചന നടന്നത് മഞ്ജുവിന്റെ ആ വാക്കുകള്‍ക്ക് ശേഷം; പൊലീസ് തലപ്പത്ത് ഗൂഢാലോചന നടന്നു: ദിലീപ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നതായി കുറ്റവിമുക്തനാക്കപ്പെട്ടതിനു പിന്നാലെ ദിലീപിന്റെ പ്രതികരണം. മഞ്ജു വാര്യര്‍ അന്ന് അമ്മയുടെ യോഗത്തില്‍ നടത്തിയ പ്രസംഗത്തിനു ശേഷമാണ് തനിക്കെതിരെ ഗൂഢാലോചന നടന്നതെന്നും ദിലീപ് പറഞ്ഞു. അന്നത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥയും അവരുടെ സംഘവും ചേര്‍ന്നാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയത്. തന്റെ കരിയര്‍ നശിപ്പിക്കുകയായിരുന്നു ലക്ഷ്യം. കേസില്‍ ഒപ്പം നിന്നവര്‍ക്കു നന്ദി പറയുന്നതായും ദിലീപ് പറഞ്ഞു. കോടതി വിധിക്കുശേഷം പ്രതികരിക്കുകയായിരുന്നു നടന്‍.

”ഈ കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും ആ ഗൂഢാലോചന അന്വേഷിക്കണം എന്നും മഞ്ജു പറഞ്ഞതു മുതലാണ് എനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചത്. അന്നത്തെ പൊലീസ് ഉന്നത ഉദ്യോഗസ്ഥയും ക്രിമിനല്‍ പൊലീസും ചേര്‍ന്നാണ് ഇങ്ങനെയൊരു നടപടിയുണ്ടാക്കിയത്. അതിനായി മുഖ്യപ്രതിയെയും കൂട്ടുപ്രതികളെയും പൊലീസ് കൂട്ടുപിടിച്ചു. പൊലീസ് ചില മാധ്യമങ്ങളെ കൂട്ടുപിടിച്ചു കള്ളക്കഥ മെനഞ്ഞു. ആ കഥ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. പൊലീസിന്റെ കള്ളക്കഥ പൊളിഞ്ഞു.

ഈ കേസില്‍ യഥാര്‍ഥ ഗൂഢാലോചന എന്നു പറയുന്നത് എന്നെ പ്രതിയാക്കാന്‍ ശ്രമിച്ചതാണ്. സമൂഹത്തില്‍ എന്റെ കരിയറും ജീവിതവും നശിപ്പിക്കാനാണ് അങ്ങനെ ചെയ്തത്. കൂടെനിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പ്രാര്‍ഥിച്ചവരോടും നന്ദി പറയുന്നു. വക്കീലായ രാമന്‍പിള്ളയോടും നന്ദി.”ദിലീപ് പറഞ്ഞു.

Scroll to Top