
തിരുവനന്തപുരം: ഇടതു സഹയാത്രികനും മുന്‍ എംഎല്‍എയുമായ സിനിമാസംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പരാതിയിലെ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് മറനീക്കി പുറത്ത്. കുഞ്ഞുമുഹമ്മദിനെതിരെ പരാതി ലഭിച്ച് രണ്ടാഴ്ചയോളം കഴിഞ്ഞ ശേഷമാണ് കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി ലഭിച്ച് അന്നുതന്നെ കേസെടുത്ത സര്‍ക്കാരാണ് കുഞ്ഞുമുഹമ്മദിനെതിരായ പരാതിയില്‍ ദിവസങ്ങളോളം അടയിരുന്നത്. 12 ദിവസത്തോളം പരാതി പൂഴ്ത്തിവച്ച ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി പൊലീസിന് കൈമാറിയതെന്നാണ് ആക്ഷേപം.
സ്ത്രീത്വത്തെ അപമാനിച്ചെന്നു കാട്ടി ചലച്ചിത്ര പ്രവര്‍ത്തക നവംബര്‍ 27നാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഒരാഴ്ചയോളം പരാതി കയ്യില്‍ വച്ച ശേഷം കന്റോണ്‍മെന്റ് പൊലീസിന് കൈമാറിയത് ഡിസംബര്‍ 2ന്. എന്നാല്‍ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ പൊലീസ് കേസെടുത്തതാകട്ടെ ഡിസംബര്‍ എട്ടിനും. പരാതി കൈമാറിയിട്ടും കേസെടുക്കുന്നത് താമസിപ്പിക്കാന്‍ പൊലീസിന് നിര്‍ദേശം ലഭിച്ചിരുന്നു എന്നു വേണം കരുതാന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പരാതി ലഭിച്ച ദിവസം തന്നെ എഡിജിപിയെ വിളിച്ചുവരുത്തി രാത്രിയോടെ കേസെടുപ്പിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫിസില്‍ പരാതി കൊടുത്ത സംവിധായിക പെട്ടെന്നു നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അനക്കമൊന്നുമില്ലാതെ വന്നതോടെ വീണ്ടും സമ്മര്‍ദ്ദം ചെലുത്തി. വിവരം പുറത്തറിയുമെന്ന ഘട്ടം വന്നതോടെയാണ് 12 ദിവസത്തിനു ശേഷം പൊലീസ് കേസെടുത്തത്. ബിഎന്‍എസ് 74, 75(1) വകുപ്പുകള്‍ പ്രകാരമാണ് കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തിരിക്കുന്നത്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കേസെടുത്തതെന്നു പൊലീസ് പറഞ്ഞു.
സംവിധായികയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അടുത്തു തന്നെ കുഞ്ഞുമുഹമ്മദിനെ ചോദ്യം ചെയ്യും. സംവിധായികയുടെ മൊഴിയെടുക്കുകയും കുറ്റകൃത്യം നടന്നതായി പറയുന്ന ഹോട്ടലിലെ സിസിടിവി തെളിവുകള്‍ ശേഖരിക്കുകയും ചെയ്ത പൊലീസ് കേസെടുക്കാന്‍ എന്തുകൊണ്ട് വൈകി എന്നതിന്റെ കാരണം വ്യക്തമല്ല. തിരുവനന്തപുരത്ത് ഈയാഴ്ച തുടങ്ങുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ യോഗത്തിനു തലസ്ഥാനത്തെ ഹോട്ടലില്‍ എത്തിയപ്പോള്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്നാണു പരാതി.



