അണപൊട്ടിയ ആവേശം കടലോളം; രണ്ടാംഘട്ടത്തിനുള്ള പരസ്യപ്രചാരണം അവസാനിച്ചു; മലപ്പുറത്ത് സംഘര്‍ഷം; വ്യാഴാഴ്ച പോളിംഗ് ബൂത്തിലേക്ക്

കോഴിക്കോട്: കടലോളം ആവേശം നിറച്ച് തദ്ദേശ തെരഞ്ഞൈടുപ്പിന്റെ രണ്ടാംഘട്ടത്തിനുള്ള പരസ്യ പ്രചാരണം സമാപിച്ചു. കലാശക്കൊട്ടിനിടെ മലപ്പുറം പൂക്കോട്ടൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ലീഗിന്റെ പ്രചാരണ വാഹനം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് വഴിവച്ചതെന്ന് പറയപ്പെടുന്നു. പൂക്കോട്ടൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് സംഭവം. പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

കണ്ണൂരില്‍ കനത്ത പൊലീസ് സുരക്ഷയിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാശക്കൊട്ട് നടത്തിയത്. ഓരോ മുന്നണികള്‍ക്കും വെവ്വേറെ സ്ഥലമാണ് കലാശക്കൊട്ട് നടത്താന്‍ അനുവദിച്ചത്. പ്രശ്‌നസാധ്യത ഒഴിവാക്കാനാണ് പല സ്ഥലങ്ങളിലായി കലാശക്കൊട്ട് നടത്തിയത്. തെക്കി ബസാറില്‍ നിന്ന് കാല്‍ടെക്‌സിലേക്കാണ് എല്‍ഡിഎഫ് പ്രകടനം നടത്തിയത്. കോര്‍പറേഷന്‍ പരിസരത്തു നിന്ന് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തേക്കായിരുന്നു യുഡിഎഫ് പ്രകടനം. മുനീശ്വരന്‍ കോവിലിനു സമീപം എന്‍ഡിഎഎയും പ്രകടനം നടത്തി.

വടക്കന്‍ കേരളത്തിലെ ഏഴുജില്ലകളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വോട്ടര്‍മാര്‍ വ്യാഴാഴ്ച വിധിയെഴുതും. നാളെ ഒരുദിവസം മുന്നണികളും സ്ഥാനാര്‍ത്ഥികളും നിശ്ശബ്ദ പ്രചാരണത്തിലായിരിക്കും, കലാശക്കൊട്ടിന് സംഘര്‍ഷമൊഴിവാക്കാനായി മിക്കയിടത്തും പോലീസിന്റെയും തിരഞ്ഞെടുപ്പ് നിരീക്ഷകരുടെയും സാന്നിധ്യമുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 13ന് വോട്ടെണ്ണി കേരളമാകെ ഫലം പ്രഖ്യാപിക്കും.

Scroll to Top