വടക്കന്‍ കേരളം വിധിയെഴുതി; 75 ശതമാനത്തിലധികം പോളിംഗുമായി കനത്ത പോളിംഗ്; കൂടുതല്‍ പേര്‍ വോട്ട് ചെയ്തത് വയനാട്ടില്‍

കോഴിക്കോട്: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. വൈകുന്നേരം ആറര വരെയുള്ള കണക്കുകള്‍ പ്രകാരം 75.38% പോളിംഗാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന ഏഴുജില്ലകളിലായി രേഖപ്പെടുത്തിയത്. വയനാട്ടിലാണ് ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തിയത്. രാത്രി എട്ടുമണി വരെയുള്ള കണക്കുകള്‍ പ്രകാരം 78.21% വോട്ടര്‍മാര്‍ വയനാട്ടില്‍ വോട്ട് ചെയ്തു. അന്തിമ കണക്കുകള്‍ ഇനിയും വരാനിരിക്കുന്നതേ ഉള്ളു. തൃശൂര്‍ 71.88%, മലപ്പുറം 76.85%, കാസര്‍കോട് 74.03%, പാലക്കാട് 75.6%, കോഴിക്കോട് 76.47%, കണ്ണൂര്‍ 75.73% എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പോളിംഗ് നിരക്ക്. പോളിംഗ് നിരക്ക് കുതിച്ചുയര്‍ന്നത് മുന്നണികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി തികഞ്ഞ ശുഭപ്രതീക്ഷയിലാണ്. എല്‍ഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫിന് ചരിത്ര വിജയം സമ്മാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു പറഞ്ഞു.

അതേസമയം, യുഡിഎഫും വലിയ പ്രതീക്ഷയാണ് വച്ചു പുലര്‍ത്തുന്നത്. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ വിധിയെഴുത്തുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. ശബരിമലയിലെ സ്വര്‍ണക്കൊള്ളയിലെ പ്രതികള്‍ക്ക് സിപിഎം സംരക്ഷണം നല്‍കുകയാണ്. പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചില്ല. പ്രതികള്‍ക്ക് സംരക്ഷണ കവചമൊരുക്കി. ഇനിയും പ്രതികളുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിട്ടും അവരിലേക്ക് അന്വേഷണം എത്തിയില്ല. അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്. ജനങ്ങള്‍ ഇതെല്ലാം ചിന്തിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

പരിയാരം പഞ്ചായത്ത് 16 വാര്‍ഡിലെ 2 ബൂത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെയും ബൂത്ത് ഏജന്റുമാരെയും സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായി പരാതിയുയര്‍ന്നു. ഇന്ന് രാവിലെ പരിയാരം ഗവ.ഹൈസ്‌കൂള്‍ ബൂത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. സജീവനെയും ബുത്ത് ഏജന്റുമാരെയും ആക്രമിച്ചത്. ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യേറ്റത്തിനു കാരണമായതെന്ന് പറയപ്പെടുന്നു.

Scroll to Top