നടി ആക്രമിക്കപ്പെട്ട കേസില്‍ ശിക്ഷാവിധി നാളെ; ആറുപ്രതികള്‍ പ്രതിക്കൂട്ടില്‍ ചുമത്തിയത് 10 കുറ്റങ്ങള്‍; പരമാവധി ശിക്ഷയ്ക്ക് പ്രോസിക്യൂഷന്‍

കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറുപ്രതികള്‍ക്കും നാളെ ശിക്ഷ വിധിക്കും. കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഒന്നുമുതല്‍ ആറു വരെ പ്രതികള്‍ക്കാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം.വര്‍ഗീസ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കുക. ആകെ പത്ത് കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കൂട്ടബലാല്‍സംഗം, ഗൂഢാലോചന അടക്കമുള്ള കുറ്റകൃത്യങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

വെള്ളിയാഴ്ച രാവിലെ 11 മണിക്കാണ് ശിക്ഷാവിധിക്കുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുക. പ്രതികളായ എന്‍.എസ്.സുനില്‍ കുമാര്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, ബി.മണികണ്ഠന്‍, വി.പി.വിജീഷ്, എച്ച്.സലിം എന്ന വടിവാള്‍ സലീം, പ്രദീപ് എന്നിവരാണ് പ്രതികള്‍,. പ്രതികളോട് പ്രതിക്കൂട്ടില്‍ കയറി നില്‍ക്കാന്‍ ആവശ്യപ്പെട്ട ശേഷം ഓരോ വകുപ്പുകളായി പ്രതികള്‍ക്കെതിരെയുള്ള കുറ്റവും അതിനുള്ള ശിക്ഷയും വ്യക്തമാക്കും. കേസില്‍ കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരിക്കും പ്രോസിക്യൂഷന്‍ വാദിക്കുക.

ശിക്ഷാവിധി വായിച്ചു കേള്‍പിച്ച ശേഷം പ്രതിഭാഗം അഭിഭാഷകര്‍ക്ക് വാദം അവതരിപ്പിക്കാനുള്ള സമയം നല്‍കും. വിവിധ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി ശിക്ഷയില്‍ ഇളവ് നല്‍കുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഈ ഘട്ടത്തില്‍ വാദിക്കുക. ഇതിനു ശേഷമായിരിക്കും പ്രതികള്‍ക്കുള്ള ശിക്ഷ ജഡ്ജി പ്രഖ്യാപിക്കുന്നത്. വാദം പൂര്‍ത്തിയാക്കി ഉച്ചയോടെ ശിക്ഷ പ്രഖ്യാപിക്കാനാണ് സാധ്യത.

കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഒന്നു മുതല്‍ ആറു വരെ പ്രതികള്‍. ഇതില്‍ കൂട്ടബലാത്സംഗമാണ് ഏറ്റവും കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റം. 20 വര്‍ഷം വരെ കഠിന തടവോ ജീവിതാവസാനം വരെയുള്ള കഠിനതടവോ ജീവപര്യന്തം തടവോ ഈ കുറ്റത്തിനു ലഭിക്കാം. ഈ കുറ്റം ചെയ്യാന്‍ നടത്തിയ ഗൂഢാലോചനയില്‍ മറ്റ് അഞ്ചുപ്രതികളും പങ്കാളികളായെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കുറ്റകൃത്യത്തിനുള്ള അതേ ശിക്ഷ അതിനായുള്ള ഗൂഢാലോചനയില്‍ പങ്കെടുത്താലും ലഭിക്കും. കോടതി നിശ്ചയിക്കുന്ന ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാവും. എട്ടാം പ്രതി നടന്‍ ദിലീപ് ഉള്‍പ്പെടെ നാലു പേരെ വിചാരണക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ശിക്ഷ പ്രഖ്യാപിക്കുന്നതിനു സാക്ഷിയാകാന്‍ ദിലീപിനു വിലക്കില്ലെങ്കിലും നടന്‍ എത്തിയേക്കില്ലെന്നാണു വിവരം.

Scroll to Top