
വയനാട്: കുടക് ജില്ലയിലെ പൊന്നംപേട്ടയില്‍ ഭാര്യയെയും ഭാര്യയുടെ മുന്‍ ബന്ധത്തിലെ മകളെയും ഭാര്യയുടെ മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടിക്കൊന്ന കേസില്‍ പ്രതിക്ക് തൂക്കുകയര്‍. എട്ടരമാസം കൊണ്ട് അതിവേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി വിരാജ്പേട്ട ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്. നടരാജ് ആണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷ് എന്ന 38കാരനെ കോടതി തൂക്കിലേറ്റാന്‍ വിധിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് 27 നാണ് കൂട്ടക്കൊല നടന്നത്.
ഗിരീഷിന്റെ ഭാര്യ നാഗി (30), നാഗിയുടെ അഞ്ചുവയസ്സുള്ള മകള്‍ കാവേരി, നാഗിയുടെ അമ്മ ജയയുടെ മാതാപിതാക്കളായ കരിയ (75), ഗൗരി (70) എന്നിവരെയാണ് ഗിരീഷ് കൊലപ്പെടുത്തിയത്. നാഗി മുന്‍ ഭര്‍ത്താവ് സുബ്രഹ്മണ്യനുമായി ബന്ധം തുടരുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട നാഗിയുടെ രണ്ടാമത്തെ ഭര്‍ത്താവായ ഗിരീഷ് ഒരു വര്‍ഷത്തോളമായി അവരുടെ ഒപ്പം താമസിച്ചുവരികയായിരുന്നു. കൊല നടന്ന വിവരം പോലും തൊട്ടടുത്ത ദിവസമാണ് പുറംലോകം അറിഞ്ഞത്. ഉച്ചയായിട്ടും നാഗിയെയും ഗിരീഷിനെയും ജോലിക്ക് കാണാത്തതിനാല്‍ തൊഴിലാളികളെയും കൂട്ടി തിരഞ്ഞെത്തിയ തോട്ടം മുതലാളിലാണ് നാഗിയുടെ വീട്ടില്‍ നാലു പേരുടെയും മൃതദേഹം കണ്ടെത്തിയത്. കൊല നടത്തി സ്ഥലംവിട്ട ഗിരീഷിനെ അന്നുതന്നെ തലപ്പുഴയില്‍ നിന്ന് പിടികൂടിയിരുന്നു.
നാഗി മുന്‍ ഭര്‍ത്താവ് സുബ്രഹ്മണ്യനുമായി ബന്ധം തുടരുന്നെന്ന് കാട്ടി മദ്യപനായ ഗിരീഷ് ദിവസവും വഴക്കിടാറുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. സംഭവദിവസം വൈകീട്ട് മദ്യപിക്കാന്‍ ഗിരീഷ് ഭാര്യയോട് പണം ആവശ്യപ്പെട്ടു. പണം നല്‍കാത്തതിനെത്തുടര്‍ന്ന് നാഗിയെ ക്രൂരമായി മര്‍ദിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച കാവേരിയടക്കം മൂന്നുപേരെയും വെട്ടിക്കൊന്നു. തുടര്‍ന്ന് രാത്രി ഇയാള്‍ സമീപത്തെ തോട്ടത്തില്‍ ഒളിച്ച ശേഷം പുലര്‍ച്ചെ ഒരു ഓട്ടോറിക്ഷയില്‍ വിരാജ്പേട്ടിലെത്തി അവിടെ നിന്ന് കണ്ണൂര്‍ ഇരിട്ടിയിലേക്കുള്ള ബസില്‍ കേരളത്തിലേക്ക് കടക്കുകയായിരുന്നു.



