
കൊച്ചി: ഡിജിറ്റല്‍-സാങ്കേതിക സര്‍വകലാശാല വി.സി നിയമനങ്ങളില്‍ മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് സംസ്ഥാന താല്‍പര്യത്തിനു വിരുദ്ധമാണെന്നും സതീശന്‍ പറഞ്ഞു. ഏത് സംഘപരിവാര്‍ നേതാവിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഒത്തുതീര്‍പ്പിനു തയാറായതെന്നും സതീശന്‍ ചോദിച്ചു. സംഘപരിവാര്‍ നേതാക്കള്‍ എവിടെ ഒപ്പിടാന്‍ പറഞ്ഞാലും ഒപ്പിട്ടു കൊടുക്കുന്ന ആളായി മുഖ്യമന്ത്രി മാറിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
സുപ്രീംകോടതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന ഘട്ടം വന്നപ്പോഴാണ് മുഖ്യമന്ത്രി ഒത്തുതീര്‍പ്പുണ്ടാക്കിയത്. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കള്‍ പറഞ്ഞാല്‍ എവിടെയും ഒപ്പിട്ടുകൊടുക്കുന്ന ആളാണ് മുഖ്യമന്ത്രി. അതിന്റെ ഭാഗമായാണ് പാര്‍ട്ടിയിലോ മുന്നണിയിലോ മന്ത്രിസഭയിലോ ആലോചിക്കാതെ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടതിനു പിന്നാലെ പി.എംശ്രീയില്‍ ഒപ്പുവച്ചത്. റജിസ്ട്രാറെ സംരക്ഷിക്കാന്‍ സമരം ചെയ്തവര്‍ ഇപ്പോള്‍ കേരള സര്‍വകലാശാല റജിസ്ട്രാറെ പറഞ്ഞുവിട്ടിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.
സിനിമ വിലക്കിനെതിരെ പ്രസ്താവന നടത്തിയ മുഖ്യമന്ത്രി 24 മണിക്കൂര്‍ തികയുന്നതിനു മുന്‍പ് പാരഡി ഗാനത്തിനെതിരെ കേസെടുപ്പിച്ചത് കേരളത്തിന് അപമാനമാണ്. എഴുതിയ ആളുകളുടെ മതവും ജാതിയും അന്വേഷിച്ച് വര്‍ഗീയത ഉണ്ടാക്കാനാണ് സിപിഐഎം ശ്രമിക്കുന്നത്. പാട്ടിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരെ യുഡിഎഫ് നിയമപരമായും രാഷ്ട്രീയമായും സംരക്ഷിക്കുമെന്നും സതീശന്‍ പറഞ്ഞു. കേട്ടുകേള്‍വി പോലും ഇല്ലാത്ത സംഭവമാണിത്. ഇതൊക്കെ ഇടതുപക്ഷ സര്‍ക്കാരിന് യോജിച്ചതാണോ എന്ന് സിപിഐഎം വ്യക്തമാക്കണം. പ്രതിപക്ഷം പറഞ്ഞതു പോലെ ഇത് ഇടതു സര്‍ക്കാരല്ല, തീവ്രവലതുപക്ഷ സര്‍ക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.



