
പാലക്കാട്: പാലക്കാട് ധോണിയില്‍ വഴിയരികില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി ഒരാള്‍ മരിച്ച നിലയില്‍. ധോണി മുണ്ടൂര്‍ റോഡില്‍ അരിമണി എസ്റ്റേറ്റിലാണ് വൈകിട്ട് നാലു മണിയോടെ അപകടമുണ്ടായത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊടുന്നനെ അഗ്നിക്കിരയാകുകയായിരുന്നു. കാര്‍ കത്തുന്നത് കണ്ട ഒരു വഴിയാത്രികന്‍ പൊലീസിനെ വിവരമറിയിച്ചു. നാട്ടുകാര്‍ തീയണയ്ക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
തീ അണച്ചപ്പോഴാണ് കാറിനകത്ത് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മുണ്ടൂര്‍ വേലിക്കാട് സ്വദേശിയുടേതാണ് കാര്‍. എന്നാല്‍ കാറിനുള്ളിലുണ്ടായിരുന്ന വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതല്‍ പരിശോധനയ്ക്കായി ഫൊറന്‍സിക് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. പൊലീസ് അന്വേഷണം നടത്തി വരികയാണ്.



