കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതി; ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവിനും കോടതി നോട്ടീസ്; നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകണം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ കെ.എം സച്ചിന്‍ ദേവിനും തിരിച്ചടി. ഇരുവരെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയ പൊലീസ് നടപടിക്കെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇരുവര്‍ക്കും നോട്ടീസ് അയച്ചത്. ആര്യ രാജേന്ദ്രന്‍, സച്ചിന്‍ ദേവ്, ആര്യയുടെ സഹോദരന്റെ ഭാര്യ ആര്യ എന്നിവരോട് ജനുവരി 21ന് നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. യദുവിന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.

നേരത്തെ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആര്യ രാജേന്ദ്രന്റെ സഹോദരന്‍ അരവിന്ദിനെ മാത്രമാണ് പ്രതിയാക്കിയിരുന്നത്. ആര്യയെയും സച്ചിന്‍ ദേവിനെയും ഉള്‍പ്പെടെയുള്ളവരെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയ നടപടി തള്ളണമെന്നും ഇവരെ കൂടി കേസില്‍ പ്രതി ചേര്‍ക്കണമെന്നുമാണ് യദുവിന്റെ ആവശ്യം. ഈ ഹര്‍ജിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

കേസിലെ ഏറ്റവും നിര്‍ണ്ണായകമായ തെളിവായ ബസ്സിലെ സിസിടിവി മെമ്മറി കാര്‍ഡ് നശിപ്പിച്ചത് അന്നത്തെ കണ്ടക്ടര്‍ സുബിന്‍ ആണെന്ന് യദു തന്റെ പുതിയ ഹര്‍ജിയില്‍ ആരോപിക്കുന്നു. ആര്യ രാജേന്ദ്രന്റെയും സച്ചിന്‍ ദേവിന്റെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സുബിന്‍ ഇത് ചെയ്തതെന്നും, അതിനാല്‍ സുബിനെ കൂടി പ്രതിയാക്കി പുനരന്വേഷണം നടത്തി പുതിയ കുറ്റപത്രം സമര്‍പ്പിക്കണമെന്നും യദു ആവശ്യപ്പെട്ടു. സച്ചിന്‍ ദേവ് എംഎല്‍എ ബസ്സിനുള്ളില്‍ കയറി അക്രമം കാണിച്ചതിന്റെ ദൃശ്യങ്ങള്‍ ഈ മെമ്മറി കാര്‍ഡില്‍ ഉണ്ടായിരുന്നുവെന്നും യദു ആരോപിക്കുന്നുണ്ട്.

Scroll to Top