
ഷില്ലോംഗ്: ബംഗ്ലാദേശിലെ യുവരാഷ്ട്രീയ പ്രവര്‍ത്തകനും ഇന്‍ക്വിലാബ് മോഞ്ചോ നേതാവുമായ ഷെരീഫ് ഉസ്മാന് ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്ക് കടന്നിട്ടില്ലെന്ന് ബിഎസ്എഫും മേഘാലയ പൊലീസും വ്യക്തമാക്കി. ഇതുസംബന്ധിച്ച് ബംഗ്ലാദേശിന്റെ അവകാശവാദം ഇരുവിഭാഗവും വ്യക്തമാക്കി. അക്രമികള്‍ മേഘാലയയിലേക്ക് കടന്നു എന്നായിരുന്നു ബംഗ്ലാദേശ് പൊലീസ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഈ വാദം തള്ളിക്കളയുകയാണ് സുപക്ഷാ ഏജന്‍സികള്‍.
ഹാദി കൊലക്കേസിലെ രണ്ട് പ്രധാന പ്രതികള്‍ പ്രാദേശിക കൂട്ടാളികളുടെ സഹായത്തോടെ ഹലുവാഘട്ട് അതിര്‍ത്തി വഴി മേഘാലയയിലേക്ക് കടന്നതായി ധാക്ക മെട്രോപൊളിറ്റന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ഹാദിയെ കൊലപ്പെടുത്തിയതായി സംശയിക്കുന്ന ഫൈസല്‍ കരിം മസൂദ്, ആലംഗീര്‍ ഷെയ്ഖ് എന്നിവര്‍ ഇന്ത്യയിലേക്ക് കടന്നെന്നായിരുന്നു വാദം. അക്രമികളെ സഹായിച്ചവരെ ഇന്ത്യന്‍ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തുവെന്ന അനൗദ്യോഗിക വിവരം ലഭിച്ചിട്ടുള്ളതായും ബംഗ്ലാദേശ് ആരോപിച്ചിരുന്നു.
എന്നാല്‍ ബംഗ്ലാദേശിന്റെ ഈ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മേഘാലയയിലെ ബിഎസ്എഫ് മേധാവി ഇന്‍സ്പെക്ടര്‍ ജനറല്‍ ഒ.പി. ഉപാധ്യായ വ്യക്തമാക്കി. അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് മേഘാലയയിലേക്ക് ആരെങ്കിലും കടന്നിട്ടുണ്ട് എന്നതിന് യാതൊരു തെളിവുമില്ല. അത്തരമൊരു സംഭവം ബിഎസ്എഫ് കണ്ടെത്തുകയോ, അവര്‍ക്ക് അതിനെക്കുറിച്ചുള്ള എന്തെങ്കിലും റിപ്പോര്‍ട്ട് ലഭിക്കുകയോ ചെയ്തിട്ടില്ലെന്നും ഉപാധ്യായ പറഞ്ഞു.
ഗാരോ ഹില്‍സ് മേഖലയില്‍ പ്രതികളുടെ സാന്നിധ്യമുണ്ട് എന്ന ബംഗ്ലാദേശിന്റെ അവകാശവാദം ശരിവെക്കുന്ന തരത്തിലുള്ള യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഭാഗത്തുനിന്നും അത്തരം അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ലെന്നും മേഘാലയ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പ്രാദേശിക പോലീസ് യൂണിറ്റുകള്‍ അത്തരം നീക്കങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കേന്ദ്ര ഏജന്‍സികളുമായി ഏകോപനം നടത്തിവരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ധാക്കയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡിസംബര്‍ 12നാണ് 32-കാരനായ ഹാദി തലയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. മെച്ചപ്പെട്ട ചികിത്സയ്ക്കായി അദ്ദേഹത്തെ സിംഗപ്പൂരിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തെങ്കിലും ഡിസംബര്‍ 18-ന് മരിച്ചു. കഴിഞ്ഞ വര്‍ഷം ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍ക്കാരിന്റെ വീഴ്ചയിലേക്ക് നയിച്ച 2024 ജൂലായ്-ഓഗസ്റ്റ് മാസങ്ങളിലെ വലിയ തെരുവ് പ്രതിഷേധങ്ങളിലെ പ്രധാനിയായിരുന്നു ഹാദി.



