
തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മും എല്‍ഡിഎഫും കനത്ത തോല്‍വി ഏറ്റുവാങ്ങിയ സംഭവത്തില്‍ കാരണം കണ്ടെത്തി സിപിഐഎം. ഭരണവിരുദ്ധ വികാരമല്ല തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും ശബരിമല വിവാദമാണ് തിരിച്ചടിച്ചതെന്നുമാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍. ശബരിമല സ്വര്‍ണക്കവര്‍ച്ചാ വിഷയം തിരിച്ചടിച്ചതായി സിപിഐഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനമുയര്‍ന്നു. കേരളത്തില്‍ ഭരണ വിരുദ്ധ വികാരമില്ലെന്നും സമിതി വിലയിരുത്തുന്നു.
ശബരിമല സ്വര്‍ണക്കവര്‍ച്ചാ വിവാദം ജനങ്ങള്‍ക്കിടയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായെന്നാണ് സമിതിയില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയത്. സര്‍ക്കാരിനെതിരെയുള്ള വികാരമായി ഇതു മാറിയിട്ടും തിരിച്ചറിയാനായില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ വിജയം ഉണ്ടാകുമെന്നായിരുന്നു പല ജില്ലാ കമ്മിറ്റികളുടെയും വിലയിരുത്തല്‍. എന്നാല്‍, കനത്ത തിരിച്ചടി നേരിട്ടു.
മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമായ പത്മകുമാറിനെതിരെ നടപടി എടുക്കാതിരുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കിയെന്നും വിമര്‍ശനമുണ്ടായി. ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗവും ഇതിനോട് യോജിച്ചു. ഭരണവിരുദ്ധ വികാരം ഉണ്ടായില്ലെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. ഭരണരംഗത്ത് വിവാദങ്ങളില്ലാത്ത കാലമാണ് കടന്നു പോയത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ വീഴ്ചയുണ്ടായി. ജനങ്ങളെ വിശ്വാസത്തിലെടുക്കാനായില്ലെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.



