
കണ്ണൂര്‍: പേരാവൂരില്‍ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തതായി പരാതി. പേരാവൂര്‍ സ്വദേശി സാദിഖ് അക്കരമ്മല്‍ എന്ന യുവാവാണ് പൊലീസില്‍ പരാതി നല്‍കിയത്. ഡിസംബര്‍ 30ന് നറുക്കെടുത്ത സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റാണ് അജ്ഞാതരായ അഞ്ചംഗ സംഘം കാറിലെത്തി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തതായി പറയുന്നത്. സാദിഖിന്റെ പരാതിയില്‍ ഒരു യുവാവിനെ പേരാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാദിഖ് ലോട്ടറി അടിച്ച വിവരം സുഹൃത്തുക്കളോട് പറയുന്ന സമയം സമീപത്തുണ്ടായിരുന്ന മുന്‍പരിചയമില്ലാത്ത യുവാവാണ് തട്ടിയെടുത്തതെന്നാണ് പരാതി. ഇതനുസരിച്ച് ഷുഹൈബ് എന്നയാളാണ് കസ്റ്റഡിയിലുള്ളതെന്ന് പേരാവൂര്‍ എസ്എച്ച്ഒ പറഞ്ഞു.
ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. പേരാവൂരില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനം നടത്തുകയാണ് സാദിഖ്. ഡിസംബര്‍ 30ന് നറുക്കെടുത്ത ടിക്കറ്റ് ഏതാനും ദിവസം താന്‍ നാട്ടില്‍ ഇല്ലാതിരുന്നതിനാല്‍ ബാങ്കില്‍ കൊടുക്കാന്‍ സാധിച്ചിരുന്നില്ലെന്ന് സാദിഖ് പറയുന്നു. കുറച്ചു ദിവസം മുന്‍പ് നാട്ടിലെത്തി സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടയില്‍ ലോട്ടറി അടിച്ച കാര്യവും പറഞ്ഞു. ഈ സമയം അത്ര പരിചയമില്ലാത്ത യുവാവ് സമീപത്തുണ്ടായിരുന്നു. ഇയാളെ പിന്നീടും അവിടെയൊക്കെ കണ്ടിട്ടുണ്ടെന്ന് സാദിഖ് പറയുന്നു. ബുധനാഴ്ചയും ടിക്കറ്റ് ബാങ്കില്‍ കൊടുക്കാനായി എത്തിയെങ്കിലും പള്ളിപ്പെരുന്നാള് തിരക്ക് മൂലം സാധിച്ചില്ല.
ഇതിനു ശേഷമാണ് ബുധനാഴ്ച രാത്രി 9 മണിയോടെ മേല്പറഞ്ഞ യുവാവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ആള്‍ട്ടോ കാറില്‍ കടയിലെത്തുകയും തോക്കു ചൂണ്ടി ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. ജീവന് അപകടത്തിലാണെന്ന് തോന്നിയതിനാല്‍ ഉടന്‍ തന്നെ ടിക്കറ്റ് എടുത്തു നല്കി. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നെന്ന് സാദിഖ് പറയുന്നു.
ഷുഹൈബ് എന്ന യുവാവിനെ പൊലീസ് പിടികൂടിയെങ്കിലും ടിക്കറ്റ് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കുഴല്‍പ്പണം പൊട്ടിക്കല്‍ കേസുള്‍പ്പെടെ ഏഴോളം കേസുകളില്‍ പ്രതിയാണ് ഷുഹൈബ് എന്ന് പൊലീസ് പറഞ്ഞു. കേസിലെ ബാക്കി പ്രതികളെയും കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്.



