
ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ കൊല്‍ക്കത്ത പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ മരവിപ്പിച്ച് സുപ്രീംകോടതി. ഐ-പാക് റെയ്ഡുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കനത്ത തിരിച്ചടിയാണ് സുപ്രീംകോടതിയുടെ നടപടി. സുപ്രീംകോടതിയില്‍ ഇ.ഡി സമര്‍പിച്ച എതിര് ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. ഐ-പാക് റെയ്ഡ് നടക്കുന്നതിനിടെ മമത ബാനര്‍ജിയും കൊല്‍ക്കത്ത പോലീസ് ഉദ്യോഗസ്ഥരും നേരിട്ടെത്തി രേഖകളും മറ്റ് വിവരങ്ങളും തട്ടിയെടുത്തു എന്നാരോപിച്ചായിരുന്നു ഇ.ഡി സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് പ്രശാന്ത് മിശ്ര, ജസ്റ്റിസ് വിപുല പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പ്രമുഖ രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സിയായ ഐ-പാക്കിന്റെ മേധാവി പ്രതീക് ജെയിനിന്റെ വസതിയിലും ഓഫീസിലും ഇഡി ജനുവരി 8ന് നടത്തിയ റെയ്ഡിനിടെയാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അസ്വാഭാവിക ഇടപെടല്‍ നടന്നത്. സംഭവത്തില്‍ ബംഗാള്‍ ഡിജിപി രാജീവ് കുമാര്‍, കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ മനോജ് കുമാര്‍ വര്‍മ്മ എന്നിവരെ സസ്പെന്‍ഡ് ചെയ്യണമെന്ന് ഇ.ഡി സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ കൊല്‍ക്കത്ത ആഭ്യന്തര വകുപ്പ്, പേര്‍സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ്, മമത ബാനര്‍ജി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയവരോട് സുപ്രീം കോടതി മറുപടി ആവശ്യപ്പെട്ടിട്ടുമുണ്ട്. കേസില്‍ ഒരു സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലും സുപ്രീം കോടതി മറുപടി തേടിയിട്ടുണ്ട്.
ഇഡി നല്കിയ ഹര്‍ജി പ്രഥമദൃഷ്ട്യാ ഗൗരവമേറിയതാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സംസ്ഥാന ഏജന്‍സിയുടെ ഇടപെടല്‍ അന്വേഷണത്തിന് വിധേയമാക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്നും ഇതിന് ഉത്തരം ലഭിച്ചില്ലെങ്കില്‍ ഏറെ അരാജകത്വത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മമതയുടെ ഇടപെടലിനെ ‘മോഷണം’ എന്നാണ് വിശേഷിപ്പിച്ചത്. ഇങ്ങനെ മന്ത്രിയും പൊലീസുകാരും ഒരു പരിധിയുമില്ലാതെ ഇത്തരം കേസില്‍ ഇടപെട്ടാല്‍ ഭാവിയില്‍ സമാന സംഭവങ്ങള്‍ ഉണ്ടായാല്‍ പൊലീസിന് ഇപ്പോള്‍ ചെയ്തത് പോലെ ചെയ്യാനുള്ള പ്രവണത ഉണ്ടാകുമെന്നും അതിനാല്‍ കൊല്‍ക്കത്ത പൊലീസിലെ ഉന്നതരെ കുറ്റക്കാരെന്ന് കണ്ട് സസ്പെന്‍ഡ് ചെയ്യണമെന്നും തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ വാദിച്ചു.
അതേസമയം മമത ബാനര്‍ജിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തെ ഇഡി റെയ്ഡിനെ ചോദ്യം ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ തന്ത്രപ്രധാനമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് ഐ-പാക് എന്നിരിക്കെ സുപ്രധാനമായ പല രേഖകളും അവിടെ ഉണ്ടാകും എന്ന് ആര്‍ക്കാണ് അറിയാത്തത് എന്ന ചോദ്യവും ഉന്നയിച്ചു. ഇത്തരം രേഖകള്‍ പിടിച്ചെടുത്താല്‍ പാര്‍ട്ടി എങ്ങനെ സുതാര്യമായി ഇലക്ഷന് നേരിടും എന്നും ചോദിച്ചു.



