ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയും അതിര്‍ത്തിയില്‍ പാക് ഡ്രോണുകള്‍; സുരക്ഷാസേന അതിജാഗ്രതയില്‍

ശ്രീനഗര്‍: ഇന്ത്യന്‍ അതിര്‍ത്തിയില്‍ ജമ്മു-കശ്മീരില്‍ നിയന്ത്രണരേഖ മറികടന്ന് പാക് ഡ്രോണുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് അതിര്‍ത്തിയില്‍ പാക് ഡ്രോണുകള്‍ പ്രത്യക്ഷപ്പെടുന്നത്. സാംബ, പൂഞ്ച്, രജൗറി സെക്ടറുകളിലാണ് പുതിയതായി ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്. സുരക്ഷാ ഭീഷണികള്‍ നേരിടുന്നതിനായി ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയ മേഖലകളില്‍ അതീവ ജാഗ്രതയിലാണ് സുരക്ഷാസേന.

സാംബ ജില്ലയില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം കേസോ മഹാന്‍സന്‍ ഗ്രാമത്തിലാണ് സംശയാസ്പദമായ രീതിയില്‍ ഡ്രോണ്‍ കണ്ടത്. ഇതിന് പിന്നാലെ പൂഞ്ചിലെ ദേഗ്വാര്‍ ഗ്രാമത്തിന് മുകളില്‍ രാത്രി 7:30-ഓടെ പത്ത് മിനിറ്റോളം ഡ്രോണ്‍ പോലുള്ള വസ്തു പ്രത്യക്ഷപ്പെട്ടു. ഉടന്‍ തന്നെ ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ക്കുകയും പ്രതിരോധ നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

ഇതിന് തൊട്ടുപിന്നാലെ രജൗറി സെക്ടറിലും ഡ്രോണ്‍ സാന്നിധ്യം ശ്രദ്ധയില്‍പെട്ടു. ഇന്ത്യയുടെ ഭാഗത്തെ സൈനിക നീക്കങ്ങള്‍ നിരീക്ഷിക്കാനായി പാകിസ്താന്‍ അയക്കുന്ന ചെറിയ ഡ്രോണുകളാണ് ഇവയെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് തിരച്ചിലും നടക്കുന്നുണ്ട്.

പാകിസ്താനില്‍ നിന്ന് ഡ്രോണുകള്‍ വരുന്നതിനെതിരെ ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് തല ചര്‍ച്ചയില്‍ ഇന്ത്യ ഈ വിഷയം ഉന്നയിച്ചിരുന്നു. ഡ്രോണുകളെ നിയന്ത്രിച്ചില്ലെങ്കില്‍ ഏത് തരത്തിലുള്ള പ്രകോപനങ്ങളും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

Scroll to Top