
പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ മൂന്നാമത്തെ ബലാല്‍സംഗക്കേസില്‍ ജാമ്യമില്ല. ജാമ്യഹര്‍ജി തള്ളിയതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലില്‍ തുടരും. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് രാഹുലിന് ജാമ്യം നിഷേധിച്ചത്. അടച്ചിട്ട കോടതിമുറിയില്‍ വിശദമായ വാദം കേട്ട ശേഷമാണ് കോടതി ഉത്തരവ്. മജിസ്ട്രേറ്റ് കോടതി ജാമ്യഹര്‍ജി തള്ളിയതോടെ പ്രതിഭാഗം ജാമ്യത്തിനായി ഇന്നുതന്നെ സെഷന്‍സ് കോടതിയെ സമീപിക്കുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസം അടച്ചിട്ട കോടതി മുറിയില്‍ പ്രതിഭാഗവും പ്രോസിക്യൂഷനും തമ്മില്‍ നീണ്ട വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. അതിജീവിതയുടെ വിവരങ്ങള്‍ പുറത്താകാതിരിക്കാന്‍ വാദം അടച്ചിട്ട കോടതിമുറിയില്‍ വേണമെന്ന് അസിസ്റ്റ്ന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിഭാഗം അഭിഭാഷകനായ ശാസ്തമംഗലം അജിത് കുമാറിന്റെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷം മജിസ്‌ട്രേറ്റ് അടചച്ചിട്ട കോടതിയില്‍ വാദം നടത്താമെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോടതിമുറിയില്‍ നിന്ന് കേസുമായി ബന്ധമില്ലാത്ത എല്ലാവരെയും പുറത്താക്കിയാണു വാദം നടന്നത്.
വിദേശത്തുള്ള തിരുവല്ല സ്വദേശിനിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മൂന്നാമത് ബലാത്സംഗ പരാതി നല്‍കിയത്. വിവാഹജീവിതത്തില്‍ പ്രശ്നമുണ്ടായ ഘട്ടത്തിലാണ് രാഹുല്‍ സമൂഹമാധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിച്ചതെന്നും ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ഹോട്ടല്‍മുറിയില്‍വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്തതായും പരാതിയില്‍ ആരോപിക്കുന്നു. മര്‍ദിക്കുകയും മുഖത്ത് തുപ്പുകയും ചെയ്‌തെന്നും പിന്നീട് വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കുകയും ഗര്‍ഭം ധരിച്ചപ്പോള്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതായും യുവതിയുടെ പരാതിയിലുണ്ട്.
ജനുവരി 11-ന് പുലര്‍ച്ചെയോടെയാണ് മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ ഹോട്ടലില്‍നിന്ന് അതീവരഹസ്യമായാണ് പോലീസ് എംഎല്‍എയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പത്തനംതിട്ടയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പിന്നാലെ യുവതിയെ പീഡിപ്പിച്ച ഹോട്ടലിലും തെളിവെടുപ്പ് നടത്തി.



