ശബരിമല സ്വര്‍ണക്കവര്‍ച്ച; കെ.പി ശങ്കരദാസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി; റിമാന്‍ഡ് ചെയ്തത് ഇന്നലെ

K.P SANKARADAS

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കരദാസിനെ റിമാന്‍ഡ് ചെയ്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി ജഡ്ജ് ശങ്കരദാസിനെ റിമാന്‍ഡ് ചെയ്തത്. സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു ചികിത്സ മാറ്റാന്‍ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി സി.എസ്. മോഹിത് ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു.

ബുധനാഴ്ച രാത്രി ഏഴു മണിയോടെയാണ് 85 കാരനായ ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഐസിയുവില്‍ നിന്ന് റൂമിലേക്ക് മാറ്റിയ ശേഷം ഇന്നലെ ജഡ്ജി ആശുപത്രിയിലെത്തിയാണ് റിമാന്‍ഡ് ചെയ്തത്. നിലവില്‍ ലഭിക്കുന്ന ചികിത്സ മെഡിക്കല്‍ കോളജില്‍ ലഭ്യമാക്കാനാണ് നിര്‍ദേശം. ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തിയ ജഡ്ജി ചികിത്സയുടെ വിവരങ്ങള്‍ റിപ്പോര്‍ട്ടായി വാങ്ങി. ഇതേ ചികിത്സ മെഡിക്കല്‍ കോളജില്‍ നല്‍കുന്നതിന് മെഡിക്കല്‍ കോളജ് അധികൃതരില്‍ നിന്നു റിപ്പോര്‍ട്ട് വാങ്ങി. ഇതിനു ശേഷം ജയില്‍ ഡോക്ടറുടെ പരിശോധനാ റിപ്പോര്‍ട്ടും ലഭിച്ചശേഷമാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

മുന്‍ ദേവസ്വം ബോര്‍ഡ് അംഗവും സിപിഐ നേതാവുമാണ് കെ.പി.ശങ്കരദാസ്. ഇപ്പോള്‍ കിട്ടുന്ന ചികിത്സ തന്നെ ലഭ്യമാക്കണമെന്നും മാനസിക സമ്മര്‍ദം ഉണ്ടായി വീണ്ടും പക്ഷാഘാതത്തിന് സാധ്യതയുണ്ടെന്നുള്ള ആശങ്ക ബന്ധുക്കള്‍ ജഡ്ജിയെ അറിയിച്ചിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചത് സ്‌കാനിങ്ങില്‍ കണ്ടെത്തിയെന്നും കടുത്ത പക്ഷാഘാതം ഉണ്ടായെന്നുമാണ് സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജിലേക്ക് ചികിത്സ മാറ്റുന്നതോടെ ഇനി അവിടെ നിന്നുള്ള റിപ്പോര്‍ട്ടാണ് കോടതി പരിഗണിക്കുക.

Scroll to Top