കരുവാരക്കുണ്ടിലെ 14കാരിയുടെ കൊലപാതകം പ്രണയപ്പകയെന്ന് സംശയം; 16കാരന്‍ ലഹരിക്കടിമ.? കൂടുതല്‍ പേരുടെ പങ്കും അന്വേഷിക്കുന്നു

മലപ്പുറം: കരുവാരക്കുണ്ടില്‍ ഒന്‍പതാം ക്ലാസുകാരി ആണ്‍സുഹൃത്തിനാല്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രായത്തിനപ്പുറം വളര്‍ന്ന പ്രണയപ്പകയാണ് ക്രൂരമായ കൊലയിലേക്ക് നയിച്ചതെന്ന വിലയിരുത്തലിലാണ് പൊലീസ്. സംശയരോഗവും അടക്കാനാവാത്ത പ്രകോപനവും ഒടുവില്‍ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നെന്ന് പൊലീസ് കരുതുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കൂട്ടുകാരന്റെ ഭീഷണികള്‍ക്കും പീഡനത്തിനും ഒടുവിലാണ് പെണ്‍കുട്ടിക്ക് ജീവന്‍ കൂടി നഷ്ടമായത്. ഒരേ സ്‌കൂളില്‍ പഠിക്കുന്നവരാണ് ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയും പിടിയിലായ ആണ്‍കുട്ടിയും. രണ്ടുപേരും സാമ്പത്തിക ശേഷി കുറഞ്ഞ ഇടത്തരം കുടുംബങ്ങളില്‍ നിന്നുള്ളവരാണ്.

ക്രൂരകൃത്യത്തിന് പ്രതിയായ 16കാരനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ചു വരുകയാണ്. ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ 16-കാരന്‍ മൊഴി നല്‍കിയതെങ്കിലും മറ്റാര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ആണ്‍കുട്ടി ലഹരിക്ക് അടിമയാണെന്നും ഇയാളുമായുള്ള ബന്ധത്തെ എതിര്‍ക്കുകയും നേരത്തേ പോലീസില്‍ പരാതിനല്‍കുകയും ചെയ്തിരുന്നുവെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞു. ബന്ധം അവസാനിപ്പിക്കാനുള്ള ധാരണയായതായും പറയപ്പെടുന്നു.

കൊല്ലപ്പെട്ട പെണ്‍കുട്ടിയും ആണ്‍സുഹൃത്തുമായുള്ള സൗഹൃദം നേരത്തേതന്നെ വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പെണ്‍കുട്ടിയെ കാണാതിരുന്നാല്‍ അസ്വസ്ഥനാവുകയും അന്വേഷിച്ച് വീട്ടിലെത്തുകയും ചെയ്യുന്ന ശീലം ആണ്‍സുഹൃത്തിന് ഉണ്ടായിരുന്നു. ഇങ്ങനെ വീട്ടിലെത്തി ശല്യം ചെയ്തതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് ആണ്‍കുട്ടിയെ താക്കീത് ചെയ്യുകയും ചെയ്തിട്ടുണ്ട്. പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവക്കാരനായ സുഹൃത്തിനെ പെണ്‍കുട്ടിക്ക് ഭയമായിരുന്നു.

കാണാതായ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയെ കഴിഞ്ഞദിവസമാണ് തൊടിയപ്പുലം പുള്ളിപ്പാടത്തെ റെയില്‍വേട്രാക്കിനോട് ചേര്‍ന്ന കുറ്റിക്കാട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച സ്‌കൂളിലേക്കുപോയ വിദ്യാര്‍ഥിനി വൈകീട്ട് തിരിച്ചെത്തിയില്ല. ഇതോടെ വീട്ടുകാര്‍ കരുവാരക്കുണ്ട് പൊലീസില്‍ പരാതി നല്‍കി. പൊലീസും നാട്ടുകാരും ബന്ധുക്കളും തിരച്ചില്‍ തുടങ്ങി. വിവരമൊന്നും ലഭിച്ചില്ല. പെണ്‍കുട്ടിയുടെ സുഹൃത്തായ പതിനാറുകാരനെ വ്യാഴാഴ്ച രാത്രിതന്നെ പൊലീസ് ചോദ്യംചെയ്‌തെങ്കിലും ഒന്നും അറിയില്ലെന്നായിരുന്നു ആണ്‍കുട്ടിയുടെ മറുപടി.

പിന്നീട് വെള്ളിയാഴ്ച രാവിലെ പിതാവിനൊപ്പം സ്റ്റേഷനിലെത്തിയ ആണ്‍സുഹൃത്തിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വ്യാഴാഴ്ച കരുവാരക്കുണ്ടില്‍നിന്ന് പാണ്ടിക്കാട്, വണ്ടൂര്‍ വഴി ബസ് മാര്‍ഗം ഇരുവരും വാണിയമ്പലത്ത് എത്തി. വാണിയമ്പലത്തുനിന്ന് റെയില്‍വേ പാതയിലൂടെ നടന്നാണ് ആളൊഴിഞ്ഞ സ്ഥലത്തെത്തിയത്. മറ്റൊരാളോട് അടുപ്പമുണ്ടെന്ന സംശയത്തെച്ചൊല്ലി പ്രതി അവിടെവെച്ച് പെണ്‍കുട്ടിയെ ശകാരിച്ചു. വാക്കുതര്‍ക്കത്തിനിടെ, പ്രകോപിതനായ ആണ്‍സുഹൃത്ത് ബലപ്രയോഗത്തിലൂടെ പെണ്‍കുട്ടിയുടെ കൈകള്‍ കെട്ടുകയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Scroll to Top