
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഐഎമ്മിനെയും എല്‍ഡിഎഫിനെയും മുഖ്യമന്ത്രി പിണറായി വിജയന് തന്നെ മുന്നില്‍ നിന്ന് നയിക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ ബേബി. എല്‍ഡിഎഫിലെ എല്ലാ ഘടകകക്ഷി നേതാക്കളും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നായക സ്ഥാനത്തുണ്ടാകുമെന്നും എം.എ.ബേബി പറഞ്ഞു. ജോസ് കെ. മാണി, ബിനോയ് വിശ്വം എന്നിവരുടെ പേരെടുത്തു പറഞ്ഞായിരുന്നു ബേബിയുടെ വിശേഷണം. സര്‍ക്കാരിന്റെ നേട്ടങ്ങളും വികസനങ്ങളും എണ്ണിപ്പറഞ്ഞായിരിക്കും എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുക എന്നും ബേബി വ്യക്തമാക്കി.
എന്നാല്‍, ആരൊക്കെ മത്സരിക്കുമെന്ന കാര്യം ഇതുവരെ തീരുമാനമായിട്ടില്ല. രണ്ടു ടേം വ്യവസ്ഥ ഒഴിവാക്കുന്നത് കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്തിട്ടില്ലെന്നും പിബി അംഗങ്ങളില്‍ ആരൊക്കെ മത്സരിക്കുമെന്നതില്‍ തീരുമാനമായില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ സിപിഎമ്മിനുമേല്‍ മൃദുഹിന്ദുത്വം ആരോപിക്കുന്നത് ആസൂത്രിത നീക്കമാണെന്നും ഇത്തരം ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ദൃഢഹിന്ദുത്വമാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി ആരോപിച്ചു. രാജ്യത്ത് മുസ്ലിം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. ബിജെപി സര്‍ക്കാരുകളുടെ നിഷ്ക്രിയത്വമാണ് ഇതിനുള്ള കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



