ഒരു സമുദായ നേതാവിനെയും രഹസ്യമായി കാണില്ല; താന്‍ എല്ലാവരെയും കാണാറുണ്ട്; മത-സമുദായ നേതാക്കള്‍ ഒന്നാകണം: സതീശന്‍

കൊച്ചി: കേരളത്തിലെ സമുദായനേതാക്കളുമായും മതനേതാക്കളുമായും തനിക്ക് നല്ല ബന്ധമാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. താന്‍ എല്ലാ സമുദായ നേതാക്കളെയും കാണുന്ന ആളാണ്. രഹസ്യമായി ഒരു സമുദായ നേതാവിനെയും കാണാന്‍ പോയിട്ടില്ലെന്നും സതീശന്‍ പറഞ്ഞു. പക്ഷേ, വ്യക്തിപരമായി എല്ലാവര്‍ക്കും നമ്മളെ ഇഷ്ടമാകണം എന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മതങ്ങളുടെയും സമുദായങ്ങളുടെയും പേരില്‍ ആളുകള്‍ ഒന്നിച്ചു പോകണമെന്നും തമ്മില്‍ ഭിന്നിക്കരുതെന്നാണ് ആഗ്രഹമെന്നും കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ വി.ഡി. സതീശന്‍ വ്യക്തമാക്കി.

‘പെരുന്നയില്‍ താന്‍ പലപ്രാവശ്യം പോയിട്ടുണ്ട് പ്രതിപക്ഷ നേതാവായ സമയത്തും പോയിട്ടുണ്ടെന്നും സുകുമാരന്‍ നായരുടെ പ്രസ്താവനയ്ക്ക് മറുപടിയായി സതീശന്‍ പറഞ്ഞു. അടുത്തിടെ പങ്കെടുത്ത സമുദായ സംഘടനകളുടെ പരിപാടികളുടെ വിശദാംശങ്ങളും പ്രതിപക്ഷനേതാവ് പങ്കുവച്ചു. വ്യക്തിപരമായി തന്നെ വിമര്‍ശിക്കുന്നതില്‍ എതിരല്ലെന്നും താന്‍ വിമര്‍ശനത്തിനു അതീതനാണെന്നു കരുതുന്നില്ലെന്നും പറഞ്ഞ പ്രതിപക്ഷനേതാവ് തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടിയാല്‍ തിരുത്തുമെന്നും പറഞ്ഞു.

വര്‍ഗീയതയ്ക്ക് എതിരെ നിലപാട് പറയാന്‍ പ്രതിപക്ഷ നേതാവിന് ഒരു യോഗ്യതയുമില്ലെന്നായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ വിമര്‍ശനം. എസ്എന്‍ഡിപിയുമായുള്ള ഐക്യത്തിന് എന്‍എസ്എസിന് താല്‍പര്യമുണ്ടെന്നും സുകുമാരന്‍ നായര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അദ്ദേഹം വിമര്‍ശിച്ചു. സതീശനെ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണ്. കോണ്‍ഗ്രസിന് പ്രസിഡന്റില്ലേ അവിടെ. എല്ലാം സതീശന്‍ ചാടിക്കയറി പറയുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

വര്‍ഗീയതയ്ക്ക് എതിരെ നിലപാട് പറയാന്‍ പ്രതിപക്ഷ നേതാവിന് യാതൊരു യോഗ്യതയുമില്ല. വലിയ തത്വം പറയുന്നവര്‍ സഭാ സിന്നഡ് നടന്നപ്പോള്‍ അവിടെ പോയി അവരുടെ കാലില്‍ വീണു. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങരുതെന്ന് പറഞ്ഞ അദ്ദേഹം എങ്ങോട്ടാ പോയതെന്നും ജി. സുകുമാരന്‍ നായര്‍ ചോദിച്ചു.

 

Scroll to Top