കണ്ണീര്‍ ചോലയായി താഴേക്കാട്ടുകുളം; നോവായി മലപ്പുറത്ത് ഉമ്മയുടെയും മക്കളുടെയും മുങ്ങിമരണം

|മരിച്ച സൈനബ, മക്കളായ ആഷിഖ്, ഫാത്തിമ ഫര്‍സീല|

മലപ്പുറം: ഒരു നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തി ഉമ്മയും രണ്ടുമക്കളും കുളിക്കാനിറങ്ങിയ കുളത്തില്‍ മുങ്ങിമരിച്ചു. വേങ്ങര പറപ്പൂര്‍ വീണാലുക്കലില്‍ താമസിക്കുന്ന സൈനബ, മക്കളായ ആഷിഖ്, ഫാത്തിമ ഫര്‍സീല എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം വീണാലുക്കല്‍ താഴെക്കാട്ടുകുളത്തെ കുളത്തിലാണ് സൈനബയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആദ്യം മകളുടെയും പിന്നീട് നടത്തിയ തിരച്ചിലില്‍ ഉമ്മ സൈനബയുടെയും ആഷിഖിന്റെയും മൃതദേഹങ്ങളും കണ്ടെടുത്തു.

ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് മൂവരെയും മരിച്ച നിലയില്‍ കുളത്തില്‍ നിന്ന് കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സൈനബയും രണ്ട് മക്കളും അലക്കാനും കുളിക്കാനുമായി കുളത്തിലെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കുടുംബം പതിവായി അലക്കാനും കുളിക്കാനും കുളത്തിലെത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വൈകുന്നേരം നാലരയോടെ ഇവിടെയെത്തിയ ഒരു അതിഥിത്തൊഴിലാളിയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കുളത്തില്‍ പൊങ്ങികിടക്കുന്നത് കണ്ടത്. ഇയാള്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

ഇതിനിടെ സ്ഥലത്തെത്തിയ സൈനബയുടെ മറ്റൊരു മകനാണ് ഉമ്മയും ജ്യേഷ്ഠനും കൂടി കുളത്തിലേക്ക് വന്നതായി നാട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സൈനബയുടെയും ആഷിഖിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഒരാള്‍ കുളത്തില്‍ വീണപ്പോള്‍ മറ്റുള്ളവര്‍ രക്ഷിക്കാനായി ചാടിയിരിക്കാമെന്നും തുടര്‍ന്ന് ഇവരും അപകടത്തില്‍പ്പെട്ടതാകാമെന്നുമാണ് നാട്ടുകാരുടെ സംശയം. ഇവര്‍ക്ക് നീന്തല്‍ അറിയില്ലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

കണ്ണൂരില്‍നിന്ന് പറപ്പൂരിലേക്ക് താമസം മാറിയവരാണ് സൈനബയും കുടുംബവും. പറപ്പൂരില്‍ പൗരസമിതി നല്‍കിയ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഫര്‍സീലയും ആഷിഖും കൂടാതെ ഒരു മകന്‍ കൂടിയാണ് സൈനബയ്ക്കുള്ളത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Scroll to Top