‘തനിക്കും കുടുംബത്തിനുെം ജീവന് ഭീഷണി’; സിപിഎം പുറത്താക്കിയ കുഞ്ഞികൃഷ്ണന്‍ പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയില്‍.

കൊച്ചി: സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട വി.കുഞ്ഞികൃഷ്ണന്‍ പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചു. തനിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കുഞ്ഞികൃഷ്ണന്‍ ഹൈക്കോടതിയിലെത്തിയത്. ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനു സംരക്ഷണം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ഫെബ്രുവരി 4ന് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിലാണ് പുസ്തക പ്രകാശനം നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. കണ്ണൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തെ തുടര്‍ന്നാണ് കുഞ്ഞികൃഷ്ണനെ സിപിഐഎം പുറത്താക്കിയത്.

ഭരണകക്ഷിയിലെ ഉന്നത നേതാക്കള്‍ക്കെതിരെയാണ് താന്‍ ആരോപണം ഉന്നയിച്ചതെന്ന് കുഞ്ഞികൃഷ്ണന്‍ പറയുന്നു. അതിനാല്‍ പൊലീസ് നിഷ്‌ക്രിയമാണെന്നും ഹൈക്കോടതിയുടെ ഇടപെടല്‍ അനിവാര്യമാണെന്നുമാണ് ഹര്‍ജിയില്‍ കുഞ്ഞികൃഷ്ണന്റെ വാദം. ജനുവരി 26ന് സിപിഎമ്മില്‍നിന്ന് പുറത്താക്കിയതിനു പിന്നാലെ പയ്യന്നൂരില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണെന്ന് കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു. വീടിനു മുന്നില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ഭീഷണി മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തുകയും പടക്കം എറിയുകയും ചെയ്തു. തനിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സുഹൃത്ത് പ്രസന്നന്റെ ബൈക്ക് വീടിനു മുന്നില്‍ വച്ച് കത്തിച്ചതായും ഹര്‍ജിയില്‍ കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു.

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, പയ്യന്നൂര്‍ എരിയ സെക്രട്ടറി പി.സന്തോഷ്, ടി.ഐ.മധുസൂദന്‍ എംഎല്‍എ എന്നിവരെയും കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. ധന്‍രാജ് രക്തസാക്ഷി ഫണ്ടില്‍ ഉള്‍പ്പെടെ ധനാപഹരണം നടന്നെന്നായിരുന്നു സിപിഐഎം ജില്ലാ കമ്മിറ്റിയംഗം കൂടിയായിരുന്ന കുഞ്ഞികൃഷ്ണന്റെ ആരോപണം. എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയ സിപിഐഎം അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയായിരുന്നു.

Scroll to Top