ഇസ്രായേല്‍ തീരത്ത് നങ്കൂരമിട്ട് യു.എസ് യുദ്ധക്കപ്പല്‍; ഇറാനെ ലക്ഷ്യമിട്ട് യു.എസിന്റെ വമ്പന്‍ സൈനിക വ്യൂഹം; ഭീതിയില്‍ പശ്ചിമേഷ്യ

ടെല്‍ അവീവ്: ഇറാന്‍-അമേരിക്ക യുദ്ധഭീതിക്കിടെ പശ്ചിമേഷ്യയുടെ ആശങ്ക വര്‍ധിപ്പിച്ച് അമേരിക്കന്‍ യുദ്ധക്കപ്പല്‍ ഇസ്രായേല്‍ തീരത്ത് നങ്കൂരമിട്ടു. ഇറാനെ ലക്ഷ്യമിട്ട് വമ്പന്‍ സൈനികവ്യൂഹം മുന്നേറുന്നതിനിടയിലാണ് പുതിയ സംഭവവികാസങ്ങള്‍. യു.എസിന്റെ മിസൈല്‍ ഡിസ്‌ട്രോയറായ യുഎസ്എസ് ഡെല്‍ബെര്‍ട്ട് ഡി ബ്ലാക്ക് ആണ് ഇസ്രായേലിലെ ചെങ്കടല്‍ തുറമുഖ നഗരമായ എയ്‌ലാത്തില്‍ നങ്കൂരമിട്ടിട്ടുള്ളത്. യുഎസ്എസ് എബ്രഹാം ലിങ്കന്റെ നേതൃത്വത്തിലുള്ള അര്‍മാഡ ഇറാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം മിഡില്‍ ഈസ്റ്റിലെത്തിയിരുന്നു. ഇപ്പോള്‍ ഇതടക്കം ആറു ഡിസ്‌ട്രോയറുകള്‍ അടങ്ങുന്ന സൈനിക വ്യൂഹമാണ് ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക നിയോഗിച്ചിട്ടുള്ളത്.

ടോമഹോക്ക് ക്രൂസ് മിസൈലുകള്‍ വഹിക്കുന്നതാണ് യുഎസ്എസ് ഡെല്‍ബെര്‍ട്ട് ഡി ബ്ലാക്ക്. ഈ കപ്പലിന് ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളുമുണ്ട്. ഇറാന്‍ ഇസ്രായേലിനെ ആക്രമിച്ചാല്‍ പ്രതിരോധിക്കുക എന്നതുകൂടി ഉദ്ദേശിച്ചാണ് കപ്പലിനെ വിന്യസിച്ചതെന്നാണ് വിലയിരുത്തല്‍. യു.എഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് സൈനിക നടപടി ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും സൂചന നല്‍കിയിട്ടുണ്ടെങ്കിലും മേഖലയിലെ സാഹചര്യം ഇപ്പോഴും അതീവ സങ്കീര്‍ണ്ണമായി തുടരുകയാണ്.

ഇറാന്റെ ആണവ നിലയങ്ങളില്‍ കമാന്‍ഡോ ഓപ്പറേഷന്‍ ഉള്‍പ്പെടെയുള്ള വിപുലമായ സൈനിക നീക്കങ്ങള്‍ യുഎസ് പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇരുരാജ്യങ്ങളും തങ്ങളുടെ സൈനിക കരുത്ത് വര്‍ദ്ധിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കുക എന്ന ഉദ്ദേശത്തോടെ 1,000 പുതിയ ‘സ്ട്രാറ്റജിക് ഡ്രോണുകള്‍’ ഉള്‍പ്പെടുത്തിയതായി ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങളെയും വിമാനവാഹിനി കപ്പലുകളെയും തല്‍ക്ഷണം ആക്രമിക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. അതിനിടെ, ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതി തകര്‍ക്കാന്‍ അമേരിക്കയുമായി ചേര്‍ന്നുള്ള സംയുക്ത ആക്രമണത്തിനായി ഇസ്രയേല്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നു.

ഇറാനും യുഎസും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകാതിരിക്കാന്‍ തുര്‍ക്കി മധ്യസ്ഥത വഹിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. തുര്‍ക്കി പ്രസിഡന്റ് ത്വയിബ് ഉര്‍ദുഗാന്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനുമായി ഇക്കാര്യം സംസാരിക്കുകയും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചര്‍ച്ചകള്‍ക്കായി തുര്‍ക്കിയില്‍ എത്തുകയും ചെയ്തു. മേഖലയില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒരു പ്രതിസന്ധി ഒഴിവാക്കാന്‍ ചര്‍ച്ചകള്‍ വേണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.

ഇറാനിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് യുദ്ധഭീതിയിലേക്ക് എത്തിനില്‍ക്കുന്നത്. ഇറാനിലെ പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ ക്രൂരമായ അടിച്ചമര്‍ത്തലില്‍ പ്രതിഷേധിച്ച് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിനെ (കഞഏഇ) ഭീകരവാദ സംഘടന ആയി യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചു. കൂടാതെ 21 ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു.

Scroll to Top