തിരഞ്ഞെടുപ്പ് ദിവസം സിപിഎമ്മിന് ഇപി വക പണി, ആത്മകഥാവിവാദം കത്തുന്നു

EP Jayarajan autobiography

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് നടക്കുന്നതിനിടെ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി മുതിര്‍ന്ന നേതാവ് ഇപി ജയരാജന്‍. പലതരം വിവാദങ്ങളില്‍പെട്ട് മുന്‍പും പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട് ഇപി ജയരാജന്‍. ഇത്തവണ അദ്ദേഹത്തിന്റെ ആത്മകഥയാണ് പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്.
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയിതിലെ പ്രയാസവും പാര്‍ട്ടി തന്നെ മനസിലാക്കിയില്ലെന്ന ആക്ഷേപവുമടക്കം ഇപി ആത്മകഥയില്‍ ഉന്നയിക്കുന്നുണ്ട്. കത്തിപ്പടരാന്‍ കട്ടന്‍ചായയും പരിപ്പുവടയും എന്ന പേരില്‍ ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന ആത്മകഥയിലെ ചില ഭാഗങ്ങളാണ് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി നടത്തിയ കൂടിക്കാഴ്ച വിവാദമാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവും ജയരാജന്‍ ഉയര്‍ത്തുന്നുണ്ട്.

പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.സരിന്‍ അവസരവാദിയാണെന്ന പരാമര്‍ശവും സാമൂഹ്യമാധ്യമത്തിലൂടെ പുറത്തുവന്ന ആത്മകഥയുടെ ഭാഗത്തിലുണ്ട്.സ്വതന്ത്രര്‍ വയ്യാവേലിയാണെന്നും ഇഎംഎസ് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും പരാമര്‍ശിച്ച ആത്മകഥയില്‍ പിവി അന്‍വറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ഇപി ജയരാജന്‍ സരിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിക്കുന്നത്.

സാന്റിയാഗോ മാര്‍ട്ടിനുമായി താന്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് ദേശാഭിമാനി ബോണ്ട് വിവാദം പരാമര്‍ശിച്ച് ഇപി പുസ്തകത്തില്‍ വിവരിക്കുന്നു. ചര്‍ച്ച നടത്തിയത് മാര്‍ക്കറ്റിങ് മേധാവി വേണുഗോപാലായിരുന്നെന്നും സെക്രട്ടേറിയറ്റ് തീരുമാനം അനുസരിച്ചാണ് രണ്ട് കോടി രൂപ ബോണ്ടായി വാങ്ങിയതെന്നും ഇപി ജയരാജന്‍ വിവരിക്കുന്നു. പക്ഷെ പ്രശ്നം വഷളാക്കിയത് അന്ന് പാര്‍ട്ടിക്കുള്ളില്‍ അന്ന് നിലനിന്നിരുന്ന വിഭാഗീയതയാണ്.വിഎസ് അച്യുതാനന്ദന്‍ ഇത് ആയുധമാക്കി.മരിക്കും വരെ താന്‍ സിപിഎം ആയിരിക്കുമെന്നും പാര്‍ട്ടി വിടുമെന്ന് സ്വപ്നം കണ്ടാല്‍ ഞാന്‍ മരിച്ചുവെന്ന് അര്‍ത്ഥമെന്നും പുസ്തകത്തില്‍ ഇപി എഴുതിയിരിക്കുന്നു. സാമൂഹ്യമാധ്യമത്തിലാണ് കത്തിപ്പടരാന്‍ കട്ടന്‍ചായയും പരിപ്പുവടയും എന്ന ഡിസിബുക്സ് പുറത്തിറക്കാനിരിക്കുന്ന ആത്മകഥയുടെ ഭാഗങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.
എന്നാല്‍ പുസ്തകത്തിലെ വെളിപ്പെടുത്തല്‍ എന്ന രീതിയില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഇപി ജയരാജന്‍ തള്ളി. താന്‍ പുസ്തകം എഴുതി തീര്‍ന്നിട്ടില്ലെന്നും ഡിസി ബുക്സും മാതൃഭൂമിയും പുസ്തകപ്രസിദ്ധീകരണത്തിന് താല്‍പര്യമറിച്ചിരുന്നെന്നും ഇപി ജയരാന്‍ പറഞ്ഞു. എന്നാല്‍ താന്‍ അതിന്റെ അനുമതി ആര്‍ക്കും കൊടുത്തിട്ടില്ലെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ ഇപി അറിയിച്ചു.
ബോധപൂര്‍വം ഉണ്ടാക്കിയ കഥയാണെന്നും ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ കാര്യങ്ങള്‍ എങ്ങനെയാണ് ആത്മകഥയില്‍ എഴുതുക എന്നും ജയരാജന്‍ ചോദിച്ചു.

താന്‍ എഴുതാത്ത കാര്യം തന്റേത് എന്നു പറഞ്ഞ് കൊടുക്കുകയാണ്. താന്‍ ഒരാള്‍ക്കും ഒന്നും കൈമാറിയിട്ടില്ല. എഴുതിയതിലൊന്നും ഇക്കാര്യങ്ങളില്ലെന്നും താനെഴുതിയിട്ട് ടൈപ്പ് ചെയ്യാന്‍ കൊടുക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ പുസ്തകത്തിന്റെ ആദ്യ ഭാഗം എങ്ങനെ പുറത്തുവന്നു എന്ന് അറിയില്ല. എന്റെ ജീവിതവും രാഷ്ട്രീയ ചരിത്രവുമാണ് എഴുതുന്നത്. ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന ഭാഗമേ എനിക്കറിയു. ഇതില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഇപി ജയരാജന്‍ അറിയിച്ചു

Scroll to Top