ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ തുമ്പോളി സെന്റ് തോമസ്, പൂങ്കാവ് പള്ളികളെ സംസ്ഥാന സര്‍ക്കാരിന്റെ തീര്‍ഥാടന ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കി. 2 കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്. പദ്ധതിക്ക് 40 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തുകയും ചെയ്തിട്ടുണ്ട്.
പള്ളികളുടെ അടിസ്ഥാന സൗകര്യങ്ങളും നിലവാരവും മെച്ചപ്പെടുത്താനാണ് തുക വിനിയോഗിക്കുക.
തീര്‍ഥാടന ടൂറിസത്തില്‍ അനന്തസാധ്യതകളുള്ള സംസ്ഥാനമാണ് കേരളമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ചരിത്രപ്രാധാന്യമുള്ള ഇടങ്ങളെ സംരക്ഷിക്കുകയും സഞ്ചാരികള്‍ക്ക് ആസ്വാദ്യകരമാക്കുകയുമാണ് തീര്‍ഥാടന ടൂറിസം പദ്ധതിയുടെ ലക്ഷ്യം.
ആലപ്പുഴ ജില്ലയിലെ തീര്‍ഥാടന ടൂറിസം മേഖലയില്‍ വലിയ പ്രാധാന്യമുള്ള പ്രദേശമായി ഭാവിയില്‍ തുമ്പോളി സെന്റ് തോമസ്, പൂങ്കാവ് പള്ളികള്‍ മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആരാധനാലയങ്ങള്‍ സംരക്ഷിക്കാനുള്ള പദ്ധതികളാണ് ‘തീര്‍ഥാടന ടൂറിസ’ത്തില്‍ ഉള്‍പ്പെടുത്തി ടൂറിസം വകുപ്പ് നടപ്പിലാക്കി വരുന്നത്