ചെന്നിത്തലയിൽ പാലത്തിന്റെ സ്പാൻ തകർന്ന് അപകടം, രണ്ട് തൊഴിലാളികൾ മരിച്ചു

ആലപ്പുഴയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാൻ തകർന്ന് രണ്ട് മരണം. തൃക്കുന്നപ്പുഴ സ്വദേശി ബിനു (42), മാവേലിക്കര കല്ലുമല സ്വദേശി രാഘവ് കാർത്തിക്ക് (24) എന്നിവരാണ് മരിച്ചത്. ചെന്നിത്തല കീച്ചേരിൽകടവ് പാലം തകർന്ന് ഏഴ് തൊഴിലാളികളാണ് വെള്ളത്തിൽ വീണത്. അഞ്ച് പേർ നീന്തി കരക്കെത്തിയിരുന്നു. രണ്ട് പേരെ കാണാതായിരുന്നു.

ഉച്ചയോടെയാണ് സംഭവം. ചെന്നിത്തല- ചെട്ടികുളങ്ങര ​ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നുവീണത്. ഏതാണ്ട് മൂന്ന് വർഷത്തോളമായി നിർമാണത്തിലിരിക്കുന്ന പാലമാണിത്. ഇതിന്റെ നടു ഭാ​ഗത്തുള്ള ബീമുകളിൽ ഒന്നാണ് തകർന്നു വീണത്.

അപകടം ഉണ്ടായ സ്ഥലത്തു നിന്നും 50 മീറ്റർ അകലെയായാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. മന്ത്രി സജി ചെറിയാൻ, യു പ്രതിഭ എംഎൽഎ തു‌‌ടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കാണാതായവർക്കായുള്ള തിരച്ചിൽ നടന്നത്.

Scroll to Top