
ചേര്‍ത്തലയില്‍ മൂന്നു സ്ത്രീകളുടെ തിരോധാനക്കേസില്‍ ആരോപണവിധേയനായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യന്‍ 17-ാം വയസ്സില്‍ ബന്ധുക്കള്‍ക്കു ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വധിക്കാന്‍ ശ്രമിച്ചിരുന്നതായി വിവരം. കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്‍, വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷ ഏറ്റുമാനൂര്‍ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ ജെയ്‌നമ്മ എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക ലാഭത്തിനാണ് സ്ത്രീകളെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്.
അന്വേഷണങ്ങള്‍ പുരോഗമിക്കെ സെബാസ്റ്റ്യനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. സെബാസ്റ്റ്യന്റെ ചെറുപ്പകാലത്ത് നടന്ന ഒരു സംഭവമാണത്. കുടുംബ ഓഹരി വീതം വച്ചതുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്റെ കുടുംബവും പിതൃസഹോദരന്റെ കുടുംബവുമായി തര്‍ക്കമുണ്ടായിരുന്നു. ഇതിലുള്ള വിരോധത്തില്‍ സെബാസ്റ്റ്യന്‍ പിതൃസഹോദരന്റെ വീട്ടിലെത്തി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി. ഭക്ഷണം കഴിച്ച മൂന്നു പേര്‍ അവശനിലയില്‍ ആശുപത്രിയിലായെന്നു സെബാസ്റ്റ്യന്റെ അയല്‍വാസി പറയുന്നു. അന്ന് ഇതു സംബന്ധിച്ചു പൊലീസില്‍ പരാതിയൊന്നും നല്‍കിയിരുന്നില്ലെങ്കിലും ഇപ്പോള്‍ സെബാസ്റ്റ്യന്റെ ഒരു ബന്ധു ഈ സംഭവുമായി ബന്ധപ്പെട്ടു പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
പത്താം ക്ലാസ് വരെ പഠിച്ച സെബാസ്റ്റ്യന്‍ അതിനു ശേഷം സ്വകാര്യ ബസില്‍ ക്ലീനറായി ജോലി ചെയ്തു. പിന്നീട് ടാക്‌സി ഡ്രൈവറായി. അതിനു ശേഷമാണ് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായത്. 50-ാം വയസ്സിലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ ശേഷം ഏറ്റുമാനൂരിലെ ഭാര്യവീട്ടിലായിരുന്നു താമസം. അതിനു ശേഷം ഇടയ്ക്കു മാത്രം പള്ളിപ്പുറത്തെ വീട്ടിലെത്തും. വസ്തു ഇടപാടുമായി ബന്ധപ്പെട്ടാണ് ബിന്ദു പത്മനാഭന്‍, ഐഷ എന്നിവരെ പരിചയപ്പെടുന്നത്.
സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ ആലപ്പുഴ ക്രൈംബ്രാഞ്ച് ഇന്നലെ നടത്തിയ പരിശോധനയില്‍ കത്തിക്കരിഞ്ഞ വാച്ചിന്റെ ഡയലും രണ്ടു ചെരുപ്പുകളും കണ്ടെത്തിയിരുന്നു. സെബാസ്റ്റ്യന്റെ സുഹൃത്ത് ചേര്‍ത്തല ശാസ്താംകവല സ്വദേശി റോസമ്മയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിന്റെ ഷെഡിലും പരിശോധന നടത്തി. വീടിനോ ഭൂമിക്കടിയിലോ ഉള്ള വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താന്‍ സഹായിക്കുന്ന ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍ ഉപയോഗിച്ചായിരുന്നു പരിശോധന.റോസമ്മയെ ചേര്‍ത്തല പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
കാണാതായ ഐഷയുമായി ബന്ധപ്പെട്ട് റോസമ്മയുടെ മൊഴിയിലെ വൈരുദ്ധ്യമാണ് ചോദ്യം ചെയ്യാന്‍ കാരണം. നേരത്തെ ഐഷയെ പരിചയമുണ്ടെന്നായിരുന്നു റോസമ്മ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഐഷയെ പരിചയമില്ലെന്നും വഴിയില്‍ കൂടി പോകുമ്പോള്‍ കണ്ടിട്ടുണ്ടെന്നുമാണ് റോസമ്മ മൊഴി നല്‍കിയത്. അവരെ സെബാസ്റ്റ്യനെ പരിചയപ്പെടുത്തിയിട്ടില്ലെന്നും ഐഷയും സെബാസ്റ്റ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയില്ലെന്നുമാണ് റോസമ്മ പറയുന്നത്. 2012ലാണ് ഐഷയെ കാണാനില്ലെന്ന് പറഞ്ഞത്. എന്നാല്‍ താന്‍ സ്ഥലം വാങ്ങിക്കുന്നത് 2016ലാണ്. സ്ഥലം മേടിച്ച് കഴിഞ്ഞാണ് ജെസിബി ഉപയോഗിച്ച് അവര്‍ സ്ഥലം തെളിച്ചത്. അന്ന് അവര്‍ രണ്ട് പേരുമുണ്ടായിരുന്നു. ഐഷയും സെബാസ്റ്റ്യനും തമ്മില്‍ എന്താണ് ബന്ധമെന്ന് എന്നറിയില്ലെന്നുമാണ് റോസമ്മ ഇപ്പോള്‍ പറയുന്നത്.
റോസമ്മയുടെ കോഴിഫാമിനെ ചുറ്റിപ്പറ്റിയും ദുരൂഹത നിലനില്‍ക്കുന്നത് കൊണ്ടാണ് കോഴിഫാമും പരിശോധിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം കോഴിഫാം അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ കോഴി ഫാമിന് ലൈസന്‍സില്ലാത്തത് കൊണ്ടാണ് പ്രവര്‍ത്തിപ്പിക്കാത്തതെന്നാണ് ഇതിനുള്ള റോസമ്മയുടെ മറുപടി. ഐഷയെ കാണാതായതിന് ശേഷമാണ് ഫാം വിറ്റതെന്നും റോസമ്മ പറയുന്നു. സെബാസ്റ്റ്യന്റെ വീടിന്റെ പരിസരത്ത് കണ്ടെത്തിയതില്‍ ഐഷയുടെ ശരീരഭാ?ഗങ്ങളും ഉണ്ടെന്ന് പോലീസിന് സംശയമുണ്ട്. അതുകൊണ്ട്തന്നെ ഐഷ കേസില്‍ കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്.
സെബാസ്റ്റ്യന്റെ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ അസ്ഥിക്കഷണങ്ങളും ശരീരാവശിഷ്ടങ്ങളും ശാസ്ത്രീയ പരിശോധനക്കയച്ചു. മൂന്ന് സ്ത്രീകള്‍ക്ക് പുറമെ ചേര്‍ത്തലയില്‍ നിന്നും കാണാതായ സിന്ധുവിന്റെ കേസും റീഓപ്പണ്‍ ചെയ്തിട്ടുണ്ട്. മറ്റ് മൂന്ന് സ്ത്രീകളെ കാണാതായ കേസിന് സമാനമായ സാഹചര്യങ്ങള്‍ സിന്ധു തിരോധാന കേസിലും ഉണ്ടെന്നാണ് പോലീസ് പറയുന്നത്.
സെബാസ്റ്റ്യന്റെ ഉറ്റസുഹൃത്തായിരുന്ന ഓട്ടോ ഡ്രൈവര്‍ മനോജിന്റെ മരണവും അന്വേഷിക്കും. 2006ല്‍ കാണാതായ ബിന്ദുപത്മനാഭന്റെ കേസില്‍ അന്വേഷണം നിലച്ചത് ഈ ഓട്ടോ ഡ്രൈവര്‍ മനോജിന്റെ മരണത്തോടെയാണ്. 2018 ജൂണ്‍ 27ന് മനോജ് ഉള്‍പ്പടെ നാലുപേരെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. പിറ്റേന്ന് രാവിലെ ഇയാളെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഈ മരണത്തിലും സെബാസ്റ്റ്യന്റെ പങ്ക് പരിശോധിക്കുന്നുണ്ട്. സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്നും കണ്ടെടുത്ത അസ്ഥികളുടെ ഡിഎന്‍എ പരിശോധനാ ഫലം പുറത്ത് വന്നാലേ കേസിന്റെ ചുരുള്‍ അഴിയൂ.
സെബാസ്റ്റ്യന്റെ മൗനമാണ് ക്രൈംബ്രാഞ്ചിനെ കുഴക്കുന്നത്. വേറെ വഴിയില്ലാതെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാനും തെളിവെടുപ്പ് പൂര്‍ത്തിയാക്കാനുമാണ് കോട്ടയം ക്രൈംബ്രാഞ്ച് നീങ്ങുന്നത്. ഇയാളുടെ ഭാര്യയ്‌ക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും ആലോചിക്കുന്നുണ്ട്.



