
വോട്ടെടുപ്പിൽ തിരഞ്ഞെടുപ്പു കമ്മിഷൻ കൃത്രിമം നടത്തുന്നുവെന്ന ആരോപണം വീണ്ടും ശക്തമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിക്കുകയാണ്. മഹാരാഷ്ട്രയിൽ അടക്കം തിരഞ്ഞെടുപ്പിൽ വൻ കൃത്രിമം നടന്നതായി രാഹുൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കമ്മിഷൻ പലതും ഒളിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.
ചില തിരഞ്ഞെടുപ്പ് ഫലങ്ങൾ ഞെട്ടിക്കുന്നതാണ്. മഹാരാഷ്ട്രയിൽ അസാധാരണ പോളിങ്ങായിരുന്നു. 5 മണി കഴിഞ്ഞപ്പോൾ പോളിങ് പലയിടത്തും കുതിച്ചുയർന്നു. മഹാരാഷ്ട്രയിലെ രേഖകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നശിപ്പിച്ചെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടും കമ്മിഷൻ വോട്ടർ പട്ടിക നൽകിയില്ലെന്നും സിസിടിവി ദൃശ്യങ്ങൾ 45 ദിവസങ്ങൾ കഴിഞ്ഞപ്പോൾ നശിപ്പിച്ചെന്നും അദ്ദേഹം പറയുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന് പലതും ഒളിക്കാനുള്ളത് കൊണ്ടാണ് സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചത്.
കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി നേരത്തെയും ശക്തമായ ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തന്റെ കയ്യില്‍ അണുബോംബുണ്ടെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. കമ്മീഷന് ബിജെപിക്ക് വേണ്ടി വോട്ട് മോഷ്ടിക്കുകയാണ്. ഇതിന് വ്യക്തമായ തെളിവുകളും ഉണ്ട്. താന്‍ ഈ അണുബോംബ് പൊട്ടിച്ചാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ബാക്കിയുണ്ടാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.



