രണ്ടായിരത്തോളം ശരപ്പൊളി സ്വർണമാലകൾ,ചാക്ക് നിറയെ ബൽജിയം രത്നങ്ങൾ, ബി നിലവറയിൽ നിധി ശേഖരം?

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി നിലവറ’ തുറക്കണമെന്ന് സർക്കാർ പ്രതിനിധി ഭരണസമിതി യോഗത്തിൽ ആവശ്യപ്പെട്ടതോടെ നിധിയെ കുറിച്ചുള്ള ചർച്ചകൾ വീണ്ടുമുയരുകയാണ്. ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറ് ഭരതക്കോണിൽ വടക്കോട്ടും കിഴക്കോട്ടും തുറക്കുന്ന രീതിയിലാണ് അമൂല്യ നിധിശേഖരമുണ്ടെന്നു കരുതപ്പെടുന്ന എ, ബി നിലവറകളുള്ളത്. ശ്രീപത്മനാഭസ്വാമിയുടെ ശിരസ്സിന്റെ ഭാഗത്തായാണ് ഈ കോണുകൾ. ക്ഷേത്രത്തിൽ നിധിശേഖരമുണ്ടെന്നു വിശ്വസിക്കുന്ന ഈ രണ്ടു നിലവറകൾ ഉൾപ്പെടെ ആകെ 6 നിലവറകളാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലുള്ളത്.

2011 ജൂണിൽ ബി നിലവറ ഒഴികെയുള്ളവ സുപ്രീം കോടതി നിർദേശത്തെ തുടർന്ന് തുറന്നിരുന്നു. അറകളിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളുടെ കണക്ക് എടുക്കാനായിരുന്നു അന്നത്തെ നടപടി. അന്നത്തെ പരിശോധനയിൽ നിലവറകളിൽ നിന്ന് കോടിക്കണക്കിനു രൂപ വിലവരുന്ന നിധിശേഖരം കണ്ടെത്തുകയും ചെയ്തിരുന്നു.നിത്യപൂജയ്ക്കുള്ള സാധനങ്ങൾ സൂക്ഷിക്കുന്ന ഇ, എഫ് നിലവറകൾ എന്നും തുറക്കുന്നവയാണ്. ഒറ്റക്കൽ മണ്ഡപത്തിന്റെ 2 വശങ്ങളിലായാണ് ഇ, എഫ് നിലവറകൾ സ്ഥിതിചെയ്യുന്നത്.

കഴിഞ്ഞ ഒന്നര നൂറ്റാണ്ടിലേറെയായി തുറന്നിട്ടില്ലെന്ന് വിശ്വസിക്കുന്നക്കപ്പെടുന്ന അറയാണ് ബി. ബി നിലവറ തുറക്കുന്നത് ആചാരലംഘനമാണെന്നു ചൂണ്ടിക്കാട്ടി പ്രതിഷേധം ഉയര്‍ന്നതിനാല്‍ മറ്റ് നിലവറകൾ പരിശോധിച്ചപ്പോൾ നടപടികള്‍ മാറ്റിവയ്ക്കുകയായിരുന്നു. അതേസമയം ബി നിലവറ 1990 ലും 2002 ലുമായി ഏഴു തവണ തുറന്നിട്ടുണ്ടെന്നു സുപ്രീം കോടതി നിയോഗിച്ച പ്രത്യേക ഓഡിറ്റര്‍ വിനോദ് റായി റിപ്പോര്‍ട്ടു നല്‍കിയിരുന്നു. എന്നാല്‍, നിലവറയുടെ ആദ്യ അറ മാത്രമേ തുറന്നിട്ടുള്ളുവെന്നാണ് തിരുവിതാംകൂര്‍ രാജകുടുംബം പറയുന്നത്.

2011 ൽ എ നിലവറ തുറക്കുമ്പോൾ പഴങ്കഥകളെ കേട്ടതിനെ വെല്ലുന്ന നിധിശേഖരമാണ് പരിശോധനാസംഘത്തിന്റെ മുന്നില്‍ തെളിഞ്ഞത്.
ആദ്യം എ നിലവറയുടെ പ്രവേശനകവാടം തുറന്നു പ്രാഥമിക പരിശോധന നടത്തിയപ്പോള്‍ കാര്യമായി എന്തെങ്കിലും ഉണ്ടാകുമെന്നതിന്റെ സൂചനയൊന്നും ഇല്ലായിരുന്നു. പരിശോധനാ സംഘം ഇറങ്ങിയപ്പോള്‍ ആദ്യം പൊടി പിടിച്ച കറുത്ത നിലം മാത്രമാണു കണ്ടത്. വായു സഞ്ചാരം ഇല്ലാത്തതുകൊണ്ട് അഗ്നിരക്ഷാസേന അറയിലേക്ക് ഓക്സിജൻ പമ്പു ചെയ്തു കൊടുത്തു. പ്രവേശനകവാടം തുറന്നു ചെല്ലുന്നതു വിശാലമായ ഒരു മുറിയിലേക്കാണ്. അവിടെ നിലത്ത് വലിയ കരിങ്കല്ലുകളാണു പാകിയിരുന്നത്.

കനത്ത കല്ലുപാളികള്‍ നീക്കിയപ്പോള്‍ താഴേക്കു കഷ്ടിച്ച് ഒരാള്‍ക്കു മാത്രം ഇറങ്ങിപ്പോകാന്‍ കഴിയുന്ന പടികള്‍ കാണാനായി. ഇത് ഇറങ്ങിച്ചെല്ലുന്നത് ഒരാൾക്കു കുനിഞ്ഞു മാത്രം നിൽക്കാൻ കഴിയുന്ന, 3.67 മീറ്റർ നീളവും 2.27 മീറ്റർ വീതിയും 1.76 മീറ്റർ ഉയരവുമുള്ള അറയിലേക്കാണ്. ഇവിടെ 150 സെന്റീമീറ്റർ നീളവും 212 സെന്റീമീറ്റർ ഉയരവുമുള്ള സേഫ് പോലെ നിർമിച്ച അറയിലാണു നിധിശേഖരം ഉണ്ടായിരുന്നത്. അറ ഗ്രാനൈറ്റിൽ മോടിപിടിപ്പിച്ചതായിരുന്നു. ആയിരക്കണക്കിനു സ്വര്‍ണമാലകള്‍, രത്‌നം പതിച്ച സ്വര്‍ണക്കിരീടങ്ങള്‍, സ്വര്‍ണക്കയര്‍, സ്വര്‍ണക്കട്ടികള്‍, സ്വര്‍ണവിഗ്രഹം, ഒരു ചാക്ക് നിറയെ നെല്‍മണിയുടെ വലുപ്പത്തില്‍ സ്വര്‍ണമണികള്‍, സ്വര്‍ണ ദണ്ഡുകള്‍, ചാക്ക് നിറയെ രത്‌നങ്ങള്‍ തുടങ്ങി ഒരു വൻ നിധിശേഖരമാണ് കാണാനായത്.

ഇതിൽ കൃത്യമായ സൂചനകൾ ഉള്ളത് രണ്ടായിരത്തോളം ശരപ്പൊളി സ്വർണമാലകൾ കണ്ടെടുത്തെന്നും ഇവയിൽ മൂന്നു നാലെണ്ണത്തിനു രണ്ടര കിലോയോളം തൂക്കവും 18 അടി നീളവും ഉണ്ടായിരുന്നവെന്നാണ്, മാത്രമല്ല ഒരു ചാക്ക് നിറയെ ബൽജിയം രത്നങ്ങളുടെ വിഭാഗത്തിൽ പെടുന്ന രത്നങ്ങൾ കണ്ടെടുത്തെന്നെന്നും സൂചനയുണ്ടായിരുന്നു. ഇതോടെ ലക്ഷക്കണക്കിനു കോടി രൂപ മൂല്യം വരുന്ന സമ്പത്തിന്റെ ഉടമയാണ് നമ്മുടെ ശ്രീപത്മനാഭസ്വാമിയെന്ന് ലോകം തിരിച്ചറിഞ്ഞു. ബി നിലവറയിൽ ഇതിലും പതിന്മടങ്ങൾ നിധിശേഖരമുണ്ടെന്നാണ് കരുതുന്നത്.

ഇപ്പോൾ വീണ്ടും ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ടു ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. നിലവറ തുറക്കുന്ന കാര്യത്തില്‍ ഭരണസമിതിക്കു തീരുമാനമെടുക്കാമെന്നാണു സുപ്രീം കോടതി നിര്‍ദ്ദേശം. തന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുമായി ആലോചിച്ചു മാത്രമേ അന്തിമതീരുമാനം എടുക്കുകയുള്ളുവെന്നു ഭരണസമിതിയും അറിയിച്ചിട്ടുണ്ട്.

Scroll to Top