
വോട്ടർപട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച വിഷയങ്ങളിൽ രാജ്യവ്യാപക പ്രചാരണത്തിന് തയ്യാറെടുത്ത് കോൺഗ്രസ്. വിഷയം ചർച്ച ചെയ്യുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഓഗസ്റ്റ് 11ന് യോഗം വിളിച്ചു. എല്ലാ എഐസിസി ജനറൽ സെക്രട്ടറിമാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളും കോൺഗ്രസിൻ്റെ എല്ലാ പോഷകസംഘനകളുടെയും നേതാക്കളും യോഗത്തിൽ പങ്കെടുക്കണമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ അറിയിച്ചിരിക്കുന്നത്. വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കുന്നതിനും തെരഞ്ഞെടുപ്പ് തട്ടിപ്പിനും എതിരായ രാജ്യവ്യാപകമായി നടത്തേണ്ട പ്രചാരണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായാണ് യോഗം വിളിച്ചിരിക്കുന്നതെന്നാണ് മല്ലികാർജ്ജുൻ ഖർഗെ അറിയിച്ചിരിക്കുന്നത്. 2025 ഓഗസ്റ്റ് 11 തിങ്കളാഴ്ച വൈകുന്നേരം 4:30 ന് ന്യൂഡൽഹി അക്ബർ റോഡിലെ എഐസിസി ഓഫീസിലാണ് യോഗം ചേരുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയാണ് യോഗത്തിൽ അധ്യക്ഷത വഹിക്കുക.
വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് രാഹുൽ ഗാന്ധി ഉന്നയിച്ച വിഷയങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കർണാടകയിലെ കോൺഗ്രസ് നേതൃത്വം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ ആരോപണത്തിൻ്റെ അടിസ്ഥാനത്തിൽ കർണാടകയിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.



