
ഓഗസ്റ്റ് 14 വിഭജന ഭീകരതാ ദിനമായി ആചരിക്കണമെന്ന ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ സര്‍ക്കുലറിനെതിരെ മുഖ്യമന്ത്രി. ഓഗസ്റ്റ് 15 ന് പുറമെ മറ്റൊരു ദിനാചരണം വേണമെന്ന ആശയം സംഘപരിവാര്‍ ബുദ്ധി കേന്ദ്രങ്ങളുടേതാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇത്തരം അജണ്ട നടപ്പിലാക്കാനുള്ള വേദിയായി നമ്മുടെ സര്‍വ്വകലാശാലകളെ വിട്ടുകൊടുക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 സാമ്രാജ്യ വിരുദ്ധ പോരാട്ടത്തിന്റെയും അതിനെ നേരിടാന്‍ ബ്രിട്ടീഷുകാര്‍ അഴിച്ചുവിട്ട കൊടും ക്രൂരതകളുടെയും ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. സ്വാതന്ത്ര്യത്തിന് എഴുപത്തിയെട്ടു വയസ്സാകുമ്പോള്‍ ഓഗസ്റ്റ് 15 നു പുറമെ മറ്റൊരു ദിനാചരണം വേണമെന്ന ആശയം സംഘ പരിവാര്‍ ബുദ്ധി കേന്ദ്രങ്ങളുടേതാണ്. സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കാളിത്തവുമില്ലാതെ, ബ്രിട്ടീഷ് രാജിന് പാദസേവ ചെയ്തവര്‍ക്കാണ് സ്വാതന്ത്ര്യ ദിനത്തെ താഴ്ത്തിക്കെട്ടേണ്ടത്. സ്വാതന്ത്ര്യ സമരകാലത്ത് വൈദേശിക ശക്തികള്‍ക്കെതിരെ പോരാടാന്‍ താല്പര്യം കാട്ടാതെ ”ആഭ്യന്തര ശത്രുക്കള്‍”ക്കെതിരെ പട നയിക്കാന്‍ ഊര്‍ജ്ജം ചെലവഴിച്ചവരാണ് സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം കുറയ്ക്കാനെന്നവണ്ണം വിഭജനഭീതിയുടെ ഓര്‍മ്മ ദിനമാചരിക്കാന്‍ ആഹ്വാനം ചെയ്യുന്നതെന്നും’ മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.



