
ന്യൂഡല്‍ഹി: അമേരിക്ക ഇന്ത്യക്കു മേല്‍ ഏര്‍പ്പെടുത്തിയ അധിക താരിഫ് ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തിന് ഇരുട്ടടിയാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ സമ്മതിച്ചു. അമേരിക്കയുമായുള്ള കയറ്റുമതിയുടെ 55 ശതമാനം വ്യാപാരത്തെയും അധിക താരിഫ് ബാധ്യത ദോഷകരമായി ബാധിക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍ പറഞ്ഞു. ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് എഴുതി തയ്യാറാക്കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ഷകരുടെയും വ്യവസായികളുടെയും കയറ്റുമതിക്കാരുടെയും ക്ഷേമത്തിനും ഉന്നമനത്തിനും സംരക്ഷണത്തിനുമാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യം നേരിടുന്നതിനായി കേന്ദ്ര വാണിജ്യ മന്ത്രാലയം ഇടപെടല്‍ നടത്തിവരുന്നുണ്ട്. ഓഹരി ഉടമകള്‍, കയറ്റുമതി വ്യാപാരികള്‍, വ്യവസായികള്‍ എന്നിവരടക്കമുള്ളവരുമായി ചേര്‍ന്ന് കേന്ദ്രം ഇടപെടല്‍ നടത്തുന്നുണ്ട്. ആദ്യഘട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരായ 25 ശതമാനം താരിഫ് വര്‍ധന ആഗസ്ത് ഏഴുമുതല്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനു മുന്നോടിയായി 25 ശതമാനം അധിസക താരിഫ് കൂടി ഏര്‍പ്പെടുത്തിയിരുന്നു. റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി തുടരുന്ന പശ്ചാത്തലത്തിലാണ് ട്രംപ് ഭരണകൂടം ഇന്ത്യക്കെതിരെ അധിക താരിഫ് ഭാരം ഏര്‍പ്പെടുത്തിയത്.



