ചെമ്പ് പുറത്താകുന്നു; സുരേഷ് ഗോപിയുടെ വിജയം പോലും സംശയത്തിന്റെ കരിനിഴലില്‍; തൃശ്ശൂരില്‍ നടന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത വോട്ട് കൊള്ള

തൃശ്ശൂരിലെ വോട്ട് ചേര്‍ക്കലിനെ കൊള്ള എന്നു വിളിച്ചാല്‍ ഒരുപക്ഷേ കുറഞ്ഞു പോകും. ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ വച്ച് നോക്കുമ്പോള്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നത് എന്ന് മനസ്സിലാകും. ജനാധിപത്യത്തിന്റെ സകല മര്യാദകളും കാറ്റില്‍ പറത്തി ബിജെപി വോട്ട് ചേര്‍ത്തതിനെ കുറിച്ചുള്ള വാര്‍ത്ത കേള്‍ക്കുന്നവര്‍ മൂക്കത്ത് വിരല്‍ വയ്ക്കുകയാണ്. ഇന്നുവരെ നമ്മുടെ നാട്ടില്‍ കേട്ടുകേള്‍വിയില്ലാത്ത അത്രയും വലിയ തട്ടിപ്പാണ് ഈ വോട്ട് ചേര്‍ക്കലിലൂടെ നടന്നിട്ടുള്ളതെന്നും വ്യക്തമാണ്. സ്വന്തം വീട്ടുകാരെ മുഴുവന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃശ്ശൂരില്‍ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചേര്‍ക്കുക, എന്നിട്ട് വോട്ടിംഗ് കഴിഞ്ഞതിനു പിന്നാലെ നാട് കടത്തുക, തിരുവനന്തപുരത്ത് വോട്ടുള്ള ഡ്രൈവറെ അത് നിലനിര്‍ത്തിക്കൊണ്ട് തന്നെ തൃശ്ശൂരിലെ വോട്ടറാക്കുക., ഒരു വീട്ട് അഡ്രസില്‍ അവര്‍ പോലുമറിയാത്ത പത്തോളം ആളുകളുടെ വോട്ട് ചേര്‍ക്കുക. ഇതൊക്കെ ഏതെങ്കിലും നാട്ടില്‍ കേട്ടുകേള്‍വി ഉള്ളതാണോ? പോട്ടെ കേരളത്തില്‍ പോലും ഇത്തരം നീചമായ വോട്ട് ചേര്‍ക്കല്‍ മുന്‍പ് പറഞ്ഞു കേട്ടിട്ടെങ്കിലും ഉണ്ടോ?

തൃശ്ശൂര്‍ ഡിസിസി പ്രസിഡണ്ട് ജോസഫ് ടാജറ്റ് നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തില്‍ നിന്നാണ് വോട്ട് ചേര്‍ക്കലിലെ ചെമ്പ് പുറത്താകുന്നത്. അന്ന് ആദ്യം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കേരളത്തില്‍ ഇത്രയും വലിയ ഒരു തട്ടിപ്പ് നടന്നതായി പുറത്തറിഞ്ഞത്. രാഹുല്‍ഗാന്ധി കര്‍ണാടകയിലെയും ഉത്തരേന്ത്യയിലെയും വോട്ട് കൊള്ളയുടെ ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ടതിനു പിന്നാലെ തൊട്ടടുത്ത ദിവസം ജോസഫ് ടാജറ്റ് നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തിലെ ആരോപണം സുരേഷ് ഗോപിയുടെ കുടുംബത്തിലെ 11 വോട്ടുകള്‍, തൃശ്ശൂരില്‍ സ്ഥിരതാമസമില്ലാത്ത, അദ്ദേഹത്തിന്റെ സഹോദരനും കുടുംബവും സുരേഷ് ഗോപിയുടെ കുടുംബം എന്നിവരുടെ വോട്ടുകള്‍ അനധികൃതമായി ചേര്‍ത്തു എന്നായിരുന്നു. അതില്‍ അവസാനിക്കും എന്ന് കരുതിയപ്പോഴാണ് ദാ വരുന്നു, ഒന്നിനു പിന്നാലെ ഒന്നായി കള്ളവോട്ട് ചേര്‍ക്കലുകളുടെ മാലപ്പടക്കം. ഒരു ഫ്‌ളാറ്റിലെ പത്തോളം വോട്ടുകള്‍, ഏറ്റവുമൊടുവില്‍ സുരേഷ് ഗോപിയുടെ ഡ്രൈവറുടെ അടക്കം കള്ളവോട്ട്. അങ്ങനെ ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് മാത്രം തൃശ്ശൂരില്‍ മാത്രം ചേര്‍ക്കപ്പെട്ടത് ഒന്നരലക്ഷത്തോളം വോട്ടുകളാണെന്നാണ് കണക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാനത്താകെ ചേര്‍ക്കപ്പെട്ട 16 ലക്ഷത്തോളം വോട്ടുകളില്‍ ഏറ്റവും കൂടുതല്‍ വോട്ട് ചേര്‍ക്കപ്പെട്ടതും തൃശ്ശൂരിലാണെന്നതാണ് കണക്ക്.

ഇനി തൃശ്ശൂരിലെ വോട്ട് കൊള്ളയുടെ ഏറ്റവും പുതിയ അപ്‌ഡേഷനിലേക്ക് വരാം. തൃശ്ശൂര്‍ പൂങ്കുന്നത്തെ കാപിറ്റല്‍ വില്ലേജ് എന്ന അപ്പാര്‍ട്ട്‌മെന്റിലെ സി-4 എന്ന ഒരു ഫ്‌ളാറ്റില്‍ 10 വോട്ടുകള്‍ ചേര്‍ക്കപ്പെട്ടിരുന്നു. ഇതില്‍ ഫ്‌ളാറ്റിലെ താമസക്കാരിയായ പ്രസന്ന ഒഴികെ ബാക്കി ഒന്‍പതും കള്ളവോട്ടുകള്‍. അതില്‍ ഒരു വോട്ടറുടെ വിശദാംശം പരിശോധിച്ചപ്പോള്‍ കിട്ടിയ വിവരം ഇങ്ങനെ., പേര് എസ്.അജയ്കുമാര്‍. സ്ഥലം തിരുവനന്തപുരം ശാസ്തമംഗലം. ആള്‍ തൃശ്ശൂര്‍ എം.പി സുരേഷ് ഗോപിയുടെ ഡ്രൈവറാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ശാസ്തമംഗലം എന്‍എസ്എസ് സ്‌കൂളില്‍ വോട്ട് ചെയ്ത ആള്‍ പെട്ടെന്ന് തൃശ്ശൂര്‍ പൂങ്കുന്നത്തെ കാപിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്‌മെന്റിലെ സി-4ഫ്‌ളാറ്റിലെ വോട്ടറായി. ഇനി വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍ പട്ടികയിലും അജയ്കുമാറിന്റെ വോട്ട് ശാസ്തമംഗലത്തുണ്ട്. അതായത് അജയ്കുമാര്‍ തൃശ്ശൂരില്‍ വ്യാജവോട്ടറാണെന്ന് അര്‍ത്ഥം. സി-4 ഫ്‌ളാറ്റിലെ മാത്രം വ്യാജ വോട്ടര്‍മാരുടെ കാര്യമാണിത്. ഇങ്ങനെ ഏതെല്ലാം ഫ്‌ളാറ്റുകളും മറ്റും കേന്ദ്രീകരിച്ച് വ്യാജ വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടാകാം എന്നാണ് ആലോചികേണ്ടത്.

2024-ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവുമധികം വോട്ടുകള്‍ ചേര്‍ക്കപ്പെട്ടത് തൃശ്ശൂര്‍ മണ്ഡലത്തിലാണെന്നതാണ് കണക്ക്. ഇതില്‍ തന്നെ ഇപ്പോള്‍ പുറത്തുവന്ന വ്യാജവോട്ടുകളുടെ കണക്കുകള്‍ എല്ലാം വിരല്‍ ചൂണ്ടുന്നതാകട്ടെ സുരേഷ് ഗോപിയിലേക്കും. അങ്ങനെ എങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് തൃശ്ശൂരില്‍ മാത്രം ചേര്‍ക്കപ്പെട്ട 1,46,673 വോട്ടുകളില്‍ എത്ര വ്യാജ വോട്ടര്‍മാരുണ്ടാകും.? 2019നെ അപേക്ഷിച്ച് കേരളത്തിലാകെ വര്‍ധിച്ചത് 16,02,172 വോട്ടുകളാണെന്നു കൂടി മനസ്സിലാക്കുമ്പോഴാണ് ഈ വോട്ട് ചേര്‍ക്കലുകളിലെ വെള്ളം ചേര്‍ക്കലുകള്‍ മനസ്സിലാകുന്നത്. അന്ന് ജനുവരി 22-ന് അന്തിമ വോട്ടര്‍പട്ടിക പുറത്തുവന്നതിനു ശേഷം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം നല്‍കി. മാര്‍ച്ച് 25 വരെയുള്ള ഇക്കാലയളവില്‍ മുപ്പതിനായിരത്തോളം ആളുകള്‍ തൃശ്ശൂരില്‍ മാത്രം വോട്ടര്‍ പട്ടികയില്‍ ഉള്‍പെട്ടിട്ടുണ്ട്.

തൃശ്ശൂരിലെ വ്യാജ വോട്ട് ആരോപണം വന്നതിനു പിന്നാലെ തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ വ്യാപകമായി ഡിസിസി പരിശോധന നടത്തിയിരുന്നു. അങ്ങനെ നടത്തിയ പരിശോധനയില്‍ മണ്ഡലത്തിലെ 1275 ബൂത്തുകളില്‍ പകുതി ബൂത്തുകളിലെയും അതായത് 642 ബൂത്തുകളിലെയും ഫ്ലാറ്റുകള്‍, വീടുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് കള്ള വോട്ടുകള്‍ ചേര്‍ത്തതായാണ് കണ്ടെത്തല്‍. ഓരോ ബൂത്തിലും 50 മുതല്‍ 100 വരെ വ്യാജ വോട്ടുകള്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഇത്രയും വ്യാജ വോട്ടുകള്‍ ചേര്‍ക്കപ്പെട്ടെങ്കില്‍ പരാതി നല്‍കിക്കൂടെ അല്ലെങ്കില്‍ എന്താണ് പരാതി നല്‍കാത്തത് എന്ന് ചോദിക്കരുത്. കാരണം തെരഞ്ഞെടുപ്പ് സമയത്ത് തന്നെ വ്യാജ വോട്ടര്‍മാരെക്കുറിച്ച് വിശദവിവരങ്ങള്‍ സഹിതം പരാതികള്‍ നല്‍കിയിരുന്നെന്നാണ് തൃശ്ശൂര്‍ ഡിസിസി പ്രസിഡണ്ട് ജോസഫ് ടാജറ്റ് പറയുന്നത്. എന്നിരുന്നാല്‍ പോലും പരാതി നല്‍കിയില്ലെന്ന് പറഞ്ഞ് ന്യായീകരിക്കാവുന്നതല്ല ഈ കള്ളക്കളികളൊന്നും. ഞങ്ങള്‍ ചേര്‍ത്തതു പോലെ നിങ്ങള്‍ക്കും ചേര്‍ക്കാമായിരുന്നില്ലേ എന്ന തീര്‍ത്തും അധാര്‍മികമായ ചോദ്യത്തിലൂടെ ഈ കള്ളവോട്ടിനെ ഒക്കെ ന്യായീകരിക്കുകയാണ് ബിജെപി. ഒപ്പം, വ്യാജവോട്ടര്‍മാരെ കുറിച്ചുള്ള പരാതിയിലെ ഹിയറിംഗ് ഏറെ സാങ്കേതികമാണെന്നിരിക്കെ ബിഎല്‍ഒമാര്‍ വഴി മരിച്ചവരെ നീക്കംചെയ്യുന്നതുപോലെ വ്യാജവോട്ടുകള്‍ നീക്കംചെയ്യേണ്ടതിനു പകരം പക്ഷേ, ഇലക്ഷന്‍ കമ്മിഷനും ബിജെപിക്കാരും അട്ടിമറിയെ ദുര്‍ബലമായ വാദങ്ങള്‍ നിരത്തി ന്യായീകരിക്കുകയാണ് ചെയ്യുന്നത്.

പൂങ്കുന്നത്തെ ഒമ്പത് വോട്ടുകളിലോ സുരേഷ് ഗോപിയുടെ ഡ്രൈവറുടെ വോട്ടിലോ തീരുന്നതല്ല തൃശ്ശൂര്‍ മണ്ഡലത്തിലെ വോട്ടുകളിലെ മറിമായം. ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടെ വെളിപ്പെടുത്തല്‍ പ്രകാരം മലപ്പുറത്തെ ഒരു ബിജെപി നേതാവ് പോലും തൃശ്ശൂരിലെത്തി സുരേഷ് ഗോപിക്ക് വോട്ട് ചെയ്തിട്ടുണ്ട്. സന്ദീപ് വാര്യര്‍ പറയുന്നത്., ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍ തൃശൂരില്‍ വോട്ട് ചേര്‍ത്തിട്ടുണ്ട്, ചെയ്തിട്ടുമുണ്ട് . മലപ്പുറം ജില്ലയിലെ വോട്ടറായ ഉണ്ണികൃഷ്ണന്‍ തൃശൂരില്‍ വോട്ട് ചേര്‍ത്തു എന്നത് ബിജെപി സംസ്ഥാന നേതൃത്വം നേരിട്ട് അയല്‍ജില്ലകളിലെ പ്രവര്‍ത്തകരുടെ വോട്ടുകള്‍ തൃശൂരിലേക്ക് ചേര്‍ത്തു എന്നതിന്റെ വ്യക്തമായ തെളിവാണെന്നാണ്. ഒന്നരവര്‍ഷമായി സ്ഥിരതാമസക്കാരനായിരുന്നു എന്ന ഉണ്ണികൃഷ്ണന്റെ വാദമൊക്കെ പച്ചക്കള്ളമാണ്. അങ്ങനെയാണെങ്കില്‍ ആരുടെ കൂടെയായിരുന്നു താമസം എന്നത് കൂടെ ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തേണ്ടിവരുമെന്ന് കൂടി സന്ദീപ് പറഞ്ഞു വയ്ക്കുന്നുണ്ട്.

അങ്ങനെ നോക്കുമ്പോള്‍ സുരേഷ് ഗോപിയുടെ വിജയം പോലും സംശയത്തിന്റെ നിഴലിലാകുകയാണ്. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും സുരേഷ് ഗോപി രാജിവയ്ക്കണമെന്നും എല്ലാമുള്ള ആവശ്യങ്ങള്‍ സമൂഹത്തിന്റെ പല കോണുകളില്‍ നിന്നായി ഉയരുന്നുണ്ട്. വോട്ടിലെ ഈ കള്ളക്കള്‍ തെളിഞ്ഞു കഴിഞ്ഞാല്‍ അധികാരത്തിനായി എന്ത് അധാര്‍മിക മാര്‍ഗവും ബിജെപി സ്വീകരിക്കും എന്നതിന് ഉത്തമ തെളിവാകും അത്. ഇതോടെ സുരേഷ് ഗോപിയും അദ്ദേഹത്തിന്റെ രാഷ്ട്രീയവും ഒപ്പം ജനപ്രാതിനിധ്യവും സംശയത്തിന്റെ കരിനിഴലിലാകുകയാണ്.

 

Scroll to Top