വിഭജന ഭീതി ദിനാചരണം’: കത്ത് തിരുത്തിയ ഡവലപ്‌മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍ രാജിവച്ചു

ഓഗസ്റ്റ് 14ന് ‘വിഭജന ഭീതി ദിനം’ ആചരിക്കണമെന്ന ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിന്റെ നിര്‍ദേശത്തെ ചൊല്ലി കേരള സര്‍വകലാശാലയില്‍ കടുത്ത ആശയക്കുഴപ്പം. ഗവര്‍ണറുടെ സര്‍ക്കുലര്‍ പ്രകാരം ദിനാചരണം നടത്തണമെന്നാവശ്യപ്പെട്ട് കോളജുകള്‍ക്ക് ആദ്യം കത്തു നല്‍കിയ കോളജ് ഡവലപ്‌മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍ ഡോ.വി.ബിജു ഇന്ന് കത്തു തിരുത്തി നല്‍കിയ ശേഷം രാജിക്കത്തു സമര്‍പ്പിച്ചു. ദിനാചരണം സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 11ന് ഡോ. ബിജു പ്രിന്‍സിപ്പല്‍മാര്‍ക്കു കത്തു നല്‍കിയിരുന്നു.

എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ അതിശക്തമായ എതിര്‍പ്പുയര്‍ത്തിയതോടെ ഇന്ന് ഡോ.ബിജു കത്ത് തിരുത്തി നല്‍കുകയായിരുന്നു. സര്‍ക്കുലര്‍ നടപ്പാക്കുന്നതിന്റെ നയം സംബന്ധിച്ച് കോളജുകളില്‍നിന്ന് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവെന്ന് ഡോ.ബിജു വ്യക്തമാക്കുന്നു. വിഭജനഭീതി ദിനാചരണത്തെക്കുറിച്ചുള്ള സര്‍ക്കാര്‍ നയം മുഖ്യമന്ത്രി കൃത്യമായി പറഞ്ഞ സാഹചര്യത്തില്‍ ബന്ധപ്പെട്ട അധികാരികളുടെ അനുവാദത്തോടെ മാത്രം തീരുമാനമെടുത്താല്‍ മതിയെന്നാണ് പുതിയ കത്തില്‍ ഡോ.ബിജു ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

Scroll to Top