
റായ്പൂര്‍: വോട്ട് കൊള്ള വിഷയത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൊള്ളത്തരം ജനമധ്യത്തില്‍ തുറന്നു കാട്ടാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നു. വോട്ട് ചോരി വിഷയം ഉയര്‍ത്തിക്കാട്ടി ബിഹാറില്‍ രാഹുല്‍ഗാന്ധി മഹാപദയാത്ര നടത്തും. ആഗസ്ത് 17 മുതലാണ് 15 ദിവസം നീളുന്ന പദയാത്ര രാഹുല്‍ഗാന്ധി ആരംഭിക്കുന്നത്. വോട്ട് കൊള്ളയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൃത്യമായ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് വിഷയവുമായി രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചത്.
‘വോട്ട് ചോരി, ഗദ്ദി ഛോഡ്’ എന്നാണ് പദയാത്രയില്‍ രാഹുല്ഗാദന്ധി ഉന്നയിക്കുന്ന മുദ്രാവാക്യം. സെപ്തംബര്‍ ഒന്നിന് ഗാന്ധി മൈതാനത്ത് നടക്കുന്ന മഹാറാലിയോടെ പദയാത്ര സമാപിക്കും. ഇന്ത്യാ സഖ്യത്തിലെ മുഴുവന്‍ നേതാക്കളും മഹാറാലിയില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഭൂപേഷ് ബാഗല് അറിയിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കുമെന്നും വോട്ട് കൊള്ളയ്ക്ക് അറുതി വരുത്തുമെന്നും ബാഗല് പറഞ്ഞു. പദയാത്രയുടെ മുദ്രാവാക്യം ഇന്ത്യാ സഖ്യം എംപിമാര്‍ എം.പിമാര്‍ ജനങ്ങളിലെത്തിക്കുമെന്നും ബാഗല് കൂട്ടിച്ചേര്‍ത്തു.
വോട്ട് കൊള്ളയില്‍ രാജ്യവ്യാപക പ്രക്ഷോഭമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. വോട്ട് കൊള്ളയ്ക്കെതിരായ രാഹുല്‍ഗാന്ധിയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഗസ്ത് 14ന് രാജ്യത്തെ മുഴുവന്‍ ജില്ലകളിലും റാലി നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ആഗസ്ത് 21 മുതല്‍ സെപ്തംബര്‍ ഏഴ് വരെ സംസ്ഥാനതലത്തിലും റാലികള്‍ സംഘടിപ്പിക്കും. കൂടാതെ, ദേശവ്യാപകമായി ഒരുമാസം നീളുന്ന ഒപ്പുശേഖരണം നടത്തും. സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 16 വരെ ഒപ്പ് ശേഖരണ ക്യാംപയിനും നടക്കും. അഞ്ച് കോടി ഒപ്പുകള്‍ ശേഖരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കൈമാറാനാണ് എ.ഐ.സി.സി തീരുമാനിച്ചിട്ടുള്ളതെന്ന് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.



