സെബാസ്റ്റ്യൻ കുഴിച്ചു മൂടിയ സത്യങ്ങൾ പുറത്താകുന്നു… ജെയ്നമ്മയ്ക്ക് മുൻപുള്ള അറിയാക്കഥകൾ തേടി…

സീരിയൽ കില്ലറെന്ന് സംശയിക്കുന്ന ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടിൽനിന്ന് കണ്ടെത്തിയ രക്തക്കറ ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മയുടേതെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് നിർണായക തെളിവ് ക്രൈംബ്രാഞ്ചിന് കിട്ടിയത്. സെബാസ്റ്റ്യൻ പണമിടപാട് സ്ഥാപനങ്ങളിൽ പണയംവച്ച സ്വർണാഭരണങ്ങൾ ജെയ്നമ്മയുടേത് തന്നെയെന്ന് നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. രക്തക്കറ ജെയ്നമ്മയുടേതെന്ന് വ്യക്തമായതോടെ മൂന്ന് സ്ത്രീകളെ കാണാതായ കേസിൽ ആദ്യ കൊലപാതകത്തിന്റെ ചുരുളഴിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്.

സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ പുറകുവശത്തെ മുറിയിലായിരുന്നു രക്തക്കറ കണ്ടെത്തിയത്. അതേസമയം, വീട്ടുവളപ്പിൽനിന്ന് കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങളുടെ ഡിഎൻഎ ഫലം ലഭിച്ചാൽ മാത്രമേ തെളിവുകൾക്ക് സ്ഥരീകരണം ഉണ്ടാകൂ. ശരീരാവശിഷ്ടങ്ങൾ സ്ത്രീയുടേതാണെന്ന് വ്യക്തമായിരുന്നു. ഫലം ലഭിച്ചിട്ടില്ലെങ്കിലും ഇത് ജെയ്നമ്മയുടെ മൃതദേഹാവശിഷ്ടമാണെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.

അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കൊലപാതകം, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ധ്യാനകേന്ദ്രങ്ങളിൽ പതിവായി പോകുമായിരുന്ന ജെയ്നമ്മയെ അവിടെവച്ചാകും സെബാസ്റ്റ്യൻ പരിചയപ്പെട്ടിരിക്കുക എന്നാണ് നിഗമനം. ജെയ്നമ്മയെ കൂടാതെ ചേർത്തല വാരനാട് സ്വദേശി ഐഷ, കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ എന്നിവരെ കാണാതായ കേസിലും സെബാസ്റ്റ്യൻ പ്രതിയാണ്.മൂന്നുപേരും കൊലപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് അന്വേഷണസംഘം കരുതുന്നത്.

ജെയ്നമ്മയെ കൊലപ്പെടുത്തിയതായി ഇപ്പോൾ തെളിവുകൾ ലഭിച്ചെങ്കിലും ബിന്ദുപദ്മനാഭന്റെയും ഹയറുമ്മ എന്ന ഐഷയുടെയും തിരോധാനത്തില്‍ ഒരു തുമ്പും ഇതുവരെ കിട്ടിയിട്ടില്ല. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ രണ്ടുതവണ റഡാറും കഡാവർ നായയെയുമടക്കം എത്തിച്ച് നടത്തിയ തിരച്ചിലിൽ കത്തിക്കരിഞ്ഞ അസ്ഥികൾ, ബാ​ഗ്, കൊന്ത തുടങ്ങിയവ കണ്ടെത്തിയിരുന്നു. പറമ്പിൽ നടത്തിയ പരിശോധനയിൽ മറ്റ് തെളിവുകൾക്കൊപ്പം മൂടിയനിലയില്‍ ഒരുകിണര്‍ കൂടിയുണ്ടെന്നും കണ്ടെത്തി.

ഉപയോഗമില്ലാതെ കിടന്നിരുന്ന കിണര്‍ മൂന്നുവര്‍ഷം മുന്‍പു മൂടിയെന്ന സെബാസ്റ്റ്യനില്‍നിന്നു ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ കോട്ടയം ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയിരുന്നു. ഇതു തുറന്നു പരിശോധനിക്കുന്ന നടപടികളാണ് ഇപ്പോൾ പുരോ​ഗമിക്കുന്നത്.
ഐഷ കേസിലും ഇപ്പോൾ അന്വേഷണം ഊ‍ർജിതമാക്കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സെബാസ്റ്റ്യന്റെ സ്വത്തുവിവരങ്ങളും ഭൂമി ഇടപാടുകളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. വസ്തു ഇടനിലക്കാരനായ സെബാസ്റ്റ്യന്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ നടത്തിയ ഭൂമി ഇടപാടുകളുടെ വിവരങ്ങളാണ് പരിശോധിക്കുന്നത്.

വസ്തു, പണം ഇടപാട് ലാക്കാക്കിയാണ് സെബാസ്റ്റ്യന്‍ ഈ ഈ മൂന്ന് സ്ത്രീകളെയും ബന്ധപ്പെട്ടത്. ജെയ്‌നമ്മയുടെ സ്വര്‍ണം പണയംവച്ചു കിട്ടിയ പണം ഉപയോഗിച്ചു റഫ്രിജറേറ്റര്‍ വാങ്ങിയതായി അന്വേഷണ സംഘം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ജെയ്‌നമ്മയെ കാണാതായ 2024 ഡിസംബര്‍ 23നു രാത്രിയാണു ചേര്‍ത്തലയിലുള്ള കടയില്‍ നിന്ന് റഫ്രിജറേറ്റര്‍ വാങ്ങിയത്. റഫ്രിജറേറ്റര്‍ ഏറ്റുമാനൂരിലുള്ള സെബാസ്റ്റ്യന്റെ ഭാര്യവീട്ടില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്.

2024 ഡിസംബർ 23നാണ് ജെയ്നമ്മയെ കാണാതായത്. പാലായിൽ ധ്യാനത്തിനു പോകുകയാണെന്നു പറഞ്ഞാണു ജെയ്നമ്മ വീട്ടിൽ നിന്നിറങ്ങിയത്. 4 ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ ഭർത്താവ് അപ്പച്ചനും സഹോദരൻ സാവിയോ മാണിയും പൊലീസിൽ പരാതി നൽകി. പക്ഷേ അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. തുടർന്ന് ഈ വർഷം ഏപ്രിലിൽ ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. കാണാതായ ദിവസങ്ങളിൽ ജെയ്നമ്മയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ ചേർത്തല പള്ളിപ്പുറത്തായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സെബാസ്റ്റ്യനും ജെയ്നമ്മയും തമ്മിലുള്ള ഫോൺ കോൾ രേഖകൾ കൂടി പരിശോധിച്ചതോടെയാണ് ക്രൈംബ്രാഞ്ച് സെബാസ്റ്റ്യനെ വീണ്ടും വിശദമായി ചോദ്യം ചെയ്തത്. പിന്നീട് നടത്തിയ പരിശോധനയിലാണ് രക്തക്കറയും അസ്ഥികളും കാണുന്നത്.

ചേർത്തല കടക്കരപ്പള്ളി ആലുങ്കൽ സ്വദേശിനി ബിന്ദു പത്മനാഭൻറെ തിരോധാനമാണ് സെബാസ്റ്റ്യനെന്ന പ്രതിയിലേയ്ക്ക് അന്വേഷണം എത്തിച്ചത്. 23 വർഷം മുൻപ് കാണാതായ ബിന്ദു 2003 മുതൽ സെബാസ്റ്റ്യനുമായി അടുത്ത ബന്ധംപുലർത്തിയിരുന്നതായും പലതവണ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ വന്നിട്ടുള്ളതായും കണ്ടെത്തിയിരുന്നു. മാത്രമല്ല ബിന്ദുവിന്റെ പേരിൽ വ്യാജ മുക്ത്യാർ ചമച്ച് വസ്തു വിൽപന നടത്തിയതിനും തെളിവ് ലഭിച്ചു. ജൈനമ്മയെ കാണാതായപ്പോൾ ടവർ ലൊക്കേഷൻ വെച്ചുള്ള തെളിവുകൾ ലഭിക്കും മുൻപ് തന്നെ സെബാസ്റ്റ്യനിലേയ്ക്ക് സംശയം നീങ്ങാനുള്ള കാരണവും സമാനമായ രീതിയിൽ കാണാതായ ബിന്ദുവുമായുള്ള ബന്ധവും തുടർന്നുള്ള കേസുകളുമാണ്.

ചേർത്തല വാരനാട് സ്വദേശി ഐഷയുടെ തിരോധാനവുമായി ബന്ധപ്പെട്ടും സെബാസ്റ്റ്യന്റെ പങ്ക് അന്വേഷിക്കുന്നുണ്ട്. ചേര്‍ത്തല ശാസ്താംകവല സ്വദേശിനി റോസമ്മയാണ്കാണാതാകുന്ന സമയത്ത് ഐഷയും സെബാസ്റ്റ്യനും അടുത്ത ബന്ധത്തിലായിരുന്നു എന്ന് വെളിപ്പെടുത്തിയത്. സ്ഥലം വാങ്ങാനായി കരുതിവെച്ചിരുന്ന പണമടക്കം ഇവരുടെ കൈവശമുണ്ടായിരുന്നതായും ഇതു സെബാസ്റ്റ്യന്‍ തട്ടിയെടുത്തിട്ടുണ്ടാകുമെന്നുമാണ് റോസമ്മയുടെ മൊഴി. ഐഷയെ കാണാതായശേഷം പലപ്പോഴായി ഇവരുടെ ഫോണില്‍നിന്ന് തന്റെ ഫോണിലേക്ക് കോളുകള്‍ വന്നുകൊണ്ടിരുന്നു. ഫോണെടുത്താല്‍ മറുപടിയുണ്ടാകാറില്ലെന്നും തിരിച്ചുവിളിച്ചാല്‍ എടുക്കാറില്ലെന്നും റോസമ്മയുടെ പറയുന്നുണ്ട്. അതേസമയം തന്നെയും വിവാഹംകഴിക്കാന്‍ സെബാസ്റ്റ്യന്‍ സമീപിച്ചിരുന്നതായ റോസമ്മ പറയുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന തന്റെ സ്വത്ത് ലക്ഷ്യമിട്ടാണ് സെബാസ്റ്റ്യൻ വിവാഹാലോചന നടത്തിയത്. ബന്ധുക്കളെ വിവരം അറിയിക്കുമെന്നു പറഞ്ഞശേഷം ഇയാള്‍ പിന്നീടെത്തിയിട്ടില്ലെന്നും റോസമ്മ പറയുന്നു.റോസമ്മയുടെ വീടും കോഴിഫാമുമടക്കം പോലീസ് പരിശോധിച്ചിരുന്നു, ഇവർ ഇപ്പോഴും നിരീക്ഷണത്തിലാണ്.

ചേര്‍ത്തലയില്‍ നിന്ന് അഞ്ചുവര്‍ഷം മുമ്പ് കാണാതായ സിന്ധുവിന്റെ കേസും സെബാസ്റ്റ്യൻ കുടുങ്ങിയതോടെയാണ് വീണ്ടും അന്വേഷിക്കുന്നുണ്ട്. 2020 ഒക്ടോബര്‍ 19നാണ് ചേര്‍ത്തലയില്‍ നിന്ന് സിന്ധുവിനെ കാണാതായത്. തെളിവുകള്‍ ഇല്ലാത്തതുകൊണ്ട് 2023ല്‍ അര്‍ത്തുങ്കല്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. അമ്പലത്തില്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് സിന്ധു ഇറങ്ങിയത്. എന്നാല്‍ പിന്നീട് സിന്ധു തിരിച്ചുവന്നില്ല. മൂന്ന് സ്ത്രീകളെ കാണാതായ കേസിന് സമാനമായ സാഹചര്യങ്ങള്‍ സിന്ധു തിരോധാന കേസിലും ഉണ്ടെന്നാണ് പോലീസിന്റെ പറയുന്നത്.
സെബാസ്റ്റ്യൻ ഒരു സീരിയൽ കില്ലറാകാമെന്ന സാധ്യത നേരത്തെ പോലീസിന് സംശയമുണ്ടായിരുന്നു. സെബാസ്റ്റ്യന്റെ പറമ്പിൽ നിന്നും കണ്ടെടുത്ത അസ്ഥികളുടെ ശാസ്ത്രീയ പരിശോധന ഫലങ്ങൾ ലഭിച്ചാലേ കേസിലെ പൂർണമായ ചുരുൾ അഴിയൂ

Scroll to Top