
ഓപ്പറേഷന് സിന്ദൂരറിനെ കുറിച്ച് ലോകം അറിഞ്ഞത് ഇന്ത്യയുടെ രണ്ട് വനിതാ സൈനികോദ്യോഗസ്ഥരിലൂടെയായിരുന്നു. കരസേനയിലെ കേണല്‍ സോഫിയാ ഖുറേഷിയും വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ വ്യോമികാ സിങ്ങുമായിരുന്നു ആ വനിതകൾ.
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ പാക്കിസ്ഥാന് നൽകിയ ശക്തമായ മറുപടിയാണ് ഓപ്പറേഷൻ സിന്ദൂർ. പഹല്‍ഗാമിലെ ആക്രമണത്തിന് ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയെന്ന ഔദ്യോഗിക പ്രഖ്യാപനത്തിന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയുടെ ഇരുവശത്തുമായി അവരുമുണ്ടായിരുന്നു. ഇന്ത്യന്‍ ആക്രമണ തന്ത്രങ്ങളെപ്പറ്റിയും സാധാരണക്കാരോടുളള കരുതലിനെപ്പറ്റിയും അവര്‍ സൈനിക നീക്കത്തിലുണ്ടായ അതേ കൃത്യതയില്‍ തന്നെ സംസാരിച്ചു. ഇന്ത്യ അന്ന് അഭിമാനത്തോടെയാണ് അവരുടെ വാക്കുകൾക്ക് ചെവിയോർത്തത്.
ഇന്ത്യൻ സൈന്യത്തിലെ ഈ വീരപുത്രിമാർ ഇപ്പോൾ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. ഇതിന് കാരണം ഇപ്പോൾ വൈറലായ അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കോന്‍ ബനേഗാ കരോര്‍പതി എന്ന ടെലിവിഷന്‍ ഷോയുടെ സ്വാതന്ത്ര്യദിന പ്രത്യേക എപ്പിസോഡിന്റെ പ്രമോ ആണ്. സ്വാതന്ത്ര ദിനത്തിൽ സംപ്രേഷണം ചെയ്യുന്ന ഈ പ്രത്യേക എപ്പിസോഡിൽ നാവികസേനയിലെ കമാന്‍ഡര്‍ പ്രേരണാ ദേവസ്തലിയും അതിഥിയായെത്തുന്നുണ്ട്.
ഇന്ത്യയുടെ ഈ വീരപുത്രിമാരെ നമുക്ക് ആദ്യം പരിചയപ്പെടാം
സോഫിയ ഖുറേഷി
ഇന്ത്യന്‍ സൈന്യത്തിലെ കോര്‍പ്‌സ് ഓഫ് സിഗ്നല്‍സിലെ ആദ്യ വനിതാ ഓഫീസറാണ് കേണല്‍ സോഫിയാ ഖുറേഷി. സോഫിയ ഖുറേഷിയുടെ കുടുംബം സൈനിക പശ്ചാത്തലമുളളവരാണ്. ഗുജറാത്തിലെ വഡോദരയില്‍ ജനിച്ച സോഫിയയുടെ പിതാവും മുത്തശ്ശനും സേനയില്‍ പ്രവര്‍ത്തിച്ചവരാണ്. ആ പാത പിന്തുടര്‍ന്നാണ് സോഫിയ ഖുറേഷി ഇന്ത്യന്‍ സൈന്യത്തിലെത്തുന്നത്. 1999-ല്‍ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയില്‍ നിന്ന് ലെഫ്റ്റനന്റായാണ് സോഫിയ സൈന്യത്തില്‍ ചേര്‍ന്നത്.
ആസിയാന്‍ അന്താരാഷ്ട്ര സൈനിക അഭ്യാസ ക്യാംപില്‍ ഇന്ത്യന്‍ സേനയെ നയിച്ച ആദ്യ വനിതാ ഓഫീസറാണ് സോഫിയ ഖുറേഷി. 2016-ല്‍ പൂനെയില്‍ വെച്ച് നടന്ന 17 രാജ്യങ്ങള്‍ പങ്കെടുത്ത ക്യംപില്‍ നാല്‍പ്പതംഗ ഇന്ത്യന്‍ സേനാവിഭാഗത്തെ നയിച്ചതും സോഫിയയാണ്. അന്ന് ക്യാംപില്‍ പങ്കെടുത്ത രാജ്യങ്ങളുടെ ലീഡിംഗ് കമാന്‍ഡര്‍മാരിലെ ഏക വനിതയും സോഫിയയായിരുന്നു. അന്ന് കേവലം 35 വയസ് മാത്രമായിരുന്നു അവരുടെ പ്രായം.
യുഎന്‍ സമാധാന സേനയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച പരിചയവും സോഫിയക്ക് ഉണ്ട്. 2006-ല്‍ കോംഗോയിലെ യുഎസ് പീസ് മിഷന്റെ ഭാഗമായിരുന്നു.
വ്യോമിക സിംഗ്
ഇന്ത്യന്‍ വ്യോമസേനയിലെ വിങ് കമാന്‍ഡറാണ് വ്യോമിക സിംഗ്. കുട്ടിക്കാലം മുതല്‍ തന്നെ സൈന്യത്തിലും വ്യോമസേനയിലും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചിരുന്ന വ്യോമിക പഠനകാലത്ത് എന്‍സിസിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതാണ് അവരുടെ സേനാമോഹത്തിന് ഊര്‍ജ്ജം പകര്‍ന്നത്. എഞ്ചിനീയറിംഗ് പഠനത്തിനുശേഷമാണ് വ്യോമിക സൈന്യത്തില്‍ ചേരുന്നത്. 2019 ഡിസംബറിലാണ് ഹെലികോപ്റ്റര്‍ പൈലറ്റായുളള പെര്‍മനന്റ് കമ്മീഷന്‍ വ്യോമികയ്ക്ക് ലഭിച്ചത്. 2500 ഫ്‌ളയിംഗ് മണിക്കൂറുകളാണ് വ്യോമികയുടെ റെക്കോര്‍ഡിലുളളത്. ചേതക്, ചീറ്റ തുടങ്ങിയ ഹെലികോപ്റ്ററുകള്‍ വ്യോമിക പറത്തിയിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിലും വ്യോമിക സിംഗ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് മണിരംഗ് കീഴടക്കിയ വ്യോമസേനയുടെ ഓള്‍ വിമന്‍ ട്രൈ സര്‍വ്വീസസ് മൗണ്ടനീറിംഗ് ടീമിന്റെ ഭാഗമായിരുന്നു വ്യോമിക സിംഗ്. 2020-ല്‍ അരുണാചല്‍ പ്രദേശില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തിലെ പങ്കാളിയായിരുന്നു.
പ്രേരണാ ദേവസ്തലി
നാവികസേനയുടെ ചരിത്രത്തില്‍ ആദ്യമായി യുദ്ധക്കപ്പലിന്റെ കമാന്‍ഡറാകുന്ന വനിതയാണ് പ്രേരണാ ദേവസ്തലി. ടുപോളേവ് ടു-142 സമുദ്ര നിരീക്ഷണ വിമാനത്തിലെ നാവികസേനയിലെ ആദ്യ വനിതാ നിരീക്ഷക കൂടിയാണ് പ്രേരണാ ദേവസ്തലി. മുംബൈയിൽ ജനിച്ച പ്രേരണാ മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം 2009 ലാണ് നാവികസേനയുടെ ഭാഗമാകുന്നത്. 2023 ലാണ് യുദ്ധക്കപ്പലിന്റെ കമാന്‍ഡറാകുന്നത്.
ഇവർ മൂന്ന് പേരും അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കോന്‍ ബനേഗാ കരോര്‍പതി എന്ന ടെലിവിഷന്‍ ഷോയിൽ ഒരുമിച്ച് ചേരുമ്പോൾ പാക്കിസ്ഥാന് ഒരിക്കലും മറക്കാവുന്ന തരത്തിലുള്ളതല്ല ഇന്ത്യക്കാരുടെ ചോരവീണതിന്റെ മറുപടിയെന്ന് നമുക്ക് മനസിലാകും. ഇതിന് കാരണം പ്രമോയിൽ ഇത്തരമൊരു ഓപ്പറേഷന്‍ നടത്തിയത് എന്തിനായിരുന്നുവെന്ന് കേണല്‍ സോഫിയാ ഖുറേഷി വിശദീകരിക്കുന്നത് കാണാം.
പാകിസ്താന്‍ വര്‍ഷങ്ങളായി ഇന്ത്യയ്ക്കെതിരെ ഭീകരപ്രവർത്തനങ്ങൾ നടത്തുകയാണ് അതിനാൽ അവര്‍ക്ക് മറുപടി നല്‍കേണ്ടത് അനിവാര്യമായിരുന്നു. അതുകൊണ്ടാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണം ചെയ്തതെന്നാണ് കേണല്‍ പറഞ്ഞത്.
വെറും 25 മിനിറ്റില്‍ ദൗത്യം പൂര്‍ത്തിയാക്കിയെന്ന് വിങ് കമാന്‍ഡര്‍ വ്യോമികാ സിങും പറയുന്നുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യമിട്ട കേന്ദ്രങ്ങള്‍ എല്ലാം തകര്‍ത്തുവെന്നും ഒരു സാധാരണക്കാരന് പോലും പരിക്കേറ്റിട്ടില്ലെന്നും കമാന്‍ഡര്‍ പ്രേരണാ ദേവസ്തലി വ്യക്തമാക്കുന്നു.
മൂന്ന് വനിതാ സൈനികോദ്യോഗസ്ഥരും ഇക്കാര്യങ്ങള്‍ പറയുമ്പോൾ ഷോയുടെ അവതാരകനായ അമിതാഭ് ബച്ചനും കാണികളും ‘ഭാരത് മാതാ കീ ജയ്’ എന്ന് ഉറക്കെ വിളിക്കുന്നതാണ് പ്രമോ വീഡിയോയുടെ അവസാനമുള്ളത്. പൂര്‍ണമായ എപ്പിസോഡ് സ്വാതന്ത്ര്യദിനത്തില്‍ രാത്രി ഒമ്പത് മണിക്ക് സോണി ടിവിയില്‍ പ്രക്ഷേപണം ചെയ്യും.
അതേസമയം വനിതാ സൈനികോദ്യോഗസ്ഥര്‍ യൂണിഫോമില്‍ ഇത്തരമൊരു ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ‘സൈനിക ഓപ്പറേഷന് ശേഷം ഇതുപോലെയൊന്ന് ഏതെങ്കിലും രാജ്യത്ത് നിങ്ങള്‍ ഇതിന് മുമ്പ് കണ്ടിട്ടുണ്ടോയെന്നും സര്‍വീസിലുള്ള ഒരാള്‍ക്ക് ഇതിന് എങ്ങനെ അനുമതി ലഭിച്ചെന്നും ഇത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നുമൊക്കെയുള്ള കമന്റുകളാണ് വരുന്നത്.



