
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് ബാലുശ്ശേരി മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം നിര്‍മാണത്തിലിരിക്കെ തകര്‍ന്നു വീണു. കൊയിലാണ്ടി ചേമഞ്ചേരിയില്‍ നിര്‍മാണത്തിലിരുന്ന തോരായിക്കടവ് പാലമാണ് തകര്‍ന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. നിര്‍മാണത്തൊഴിലാളികള്‍ അപകടത്തില്‍പെടാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പൊതുമരാമത്ത് വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കോഴിക്കോട്-ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ നടന്നു വരുകയായിരുന്നു. ഇതിനിടെ ഇന്ന് ഉച്ചയോടെ പാലത്തിന്റെ മധ്യഭാഗത്തെ ബീം തകര്‍ന്ന് കോണ്‍ക്രീറ്റ് ഉള്‍പ്പെടെ താഴേക്ക് പതിക്കുകയായിരുന്നു. പുഴയുടെ മധ്യത്തിലേക്കാണ് പാലം തകര്‍ന്നുവീണത്. കിഫ്ബിയില്‍ നിന്ന് 23.82 കോടി രൂപ ഉപയോഗിച്ചാണ് പാലം നിര്‍മിക്കുന്നത്. 265 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുള്ള പാലത്തിന്റെ നിര്‍മാണച്ചുമതല മലപ്പുറത്തെ പി.എം.ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ്.
പാലം തകര്‍ന്നതില്‍ പൊതുമരാമത്ത് വകുപ്പ് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.



