ക്ലാസില്‍ അഞ്ചുമിനിറ്റ് വൈകിയെത്തിയതിന് അഞ്ചാം ക്ലാസുകാരന് പീഡനം; ഇരുട്ടുമുറിയില്‍ ഒറ്റയ്ക്കിരുത്തി., ഗ്രൗണ്ടില്‍ ഓടിച്ചു., കൊച്ചിയില്‍ സ്വകാര്യ സ്‌കൂളിനെതിരെ പരാതി.

കൊച്ചി: എറണാകുളത്ത് ക്ലാസില്‍ എത്താന്‍ അഞ്ചുമിനിറ്റ് വൈകിയതിന് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തുകയും സ്‌കൂള്‍ ഗ്രൗണ്ടില്‍ രണ്ട് റൗണ്ട് ഓടിച്ചതായും പരാതി. കുട്ടിയുടെ രക്ഷിതാക്കളാണ് തൃക്കാക്കരയിലെ സ്വകാര്യ സ്‌കൂളിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സ്‌കൂളിനെതിരെ നടപടി വേണമെന്ന് വിദ്യാര്‍ത്ഥി സംഘടനകളായ കെഎസ്.യുവും എസ്എഫ്‌ഐയും ആവശ്യപ്പെട്ടു. വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി സ്‌കൂള്‍ മാനേജ്‌മെന്റും രംഗത്തെത്തി.

രാവിലെ 8.30ന് എത്തേണ്ടിടത്ത് 5 മിനിറ്റ് വൈകിയെന്ന പേരില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ 2 വട്ടം ഓടിപ്പിച്ചുവെന്നും പിന്നീട് ഒരു ഇരുട്ട് മുറിയിലും പിന്നെ അധ്യാപകര്‍ ഇരുന്ന ഒരു മുറിയിലും ഇരുത്തിയെന്നും കുട്ടിയും മാതാപിതാക്കളും പറയുന്നു. ടിസി വാങ്ങി പോവുക, അല്ലെങ്കില്‍ മുറിയിലിരുത്തി പഠിപ്പിക്കൂ എന്നാണ് അധ്യാപകര്‍ പറഞ്ഞതെന്ന് കുട്ടി പറഞ്ഞു. പിന്നീട് മാതാപിതാക്കളെ വിളിച്ചു വരുത്തി ടി.സി തന്നുവിടുമെന്നും പറഞ്ഞതായും പറയപ്പെടുന്നു. കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും സ്‌കൂള്‍ അധികൃതരുമായി വാക്കുതര്‍ക്കവും നടന്നു. അതേസമയം, കുട്ടിയെ ശിക്ഷിച്ചിട്ടില്ലെന്നും വൈകി എത്തുന്ന കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന പിടിഎ നിയമം നടപ്പാക്കുകയാണ് ചെയ്തതെന്നുമാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വിശദീകരണം. ഗ്രൗണ്ടില്‍ ഓടിച്ചെന്ന് പറയുന്നത് സ്ഥിരം രാവിലെയുള്ള വ്യായാമത്തിന്റെ ഭാഗമാണെന്നും മാനേജ്‌മെന്റ് വിശദീകരിക്കുന്നു.

വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഒരു സ്‌കൂളിലും കുട്ടികള്‍ക്കെതിരെയുള്ള ഒരു വിവേചനവും ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ശിവന്‍കുട്ടി വ്യക്തമാക്കി. കുട്ടി വൈകിയെത്തിയാല്‍ ‘ഇനി വൈകിയെത്തരുത്’ എന്ന് ഉപദേശിക്കാം, അല്ലാതെ കുട്ടിയുടെ മാനസികനിലയെ ബാധിക്കുന്ന രീതിയില്‍ ഇരുട്ടുമുറിയില്‍ അടച്ചിടുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

Scroll to Top