പൊളിയാത്ത പാലത്തിന്റെ പേരില്‍ ഇബ്രാഹിംകുഞ്ഞിനെ ജയിലിലാക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ മന്ത്രിക്കെതിരെ കേസെടുക്കുമോ? രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍.

തിരുവനന്തപുരം: കൊയിലാണ്ടിയിലെ ചേമഞ്ചേരിയില്‍ തോരായിക്കടവ് പാലം നിര്‍മാണത്തിലിരിക്കെ തകര്‍ന്നു വീണ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പൊളിഞ്ഞു വീഴാത്ത പാലത്തിന്റെ പേരില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ കേസെടുത്തവര്‍ ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രിക്കെതിരെ കേസെടുക്കാന്‍ തയാറുണ്ടോ എന്ന് ്അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി.ഡി സതീശന്റെ വിമര്‍ശനം. എല്ലാം ജനം കാണുന്നുണ്ടെന്നത് മറക്കരുതെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.

പാലാരിവട്ടത്ത് തകര്‍ന്നു വീഴാത്ത പാലത്തിന്റെ പേരിലാണ് അന്നത്തെ പൊതുമരാമത്ത് മന്ത്രിയെ കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. അതേ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്താണ് അഴിമതി നിര്‍മ്മിതികള്‍ ഒന്നൊന്നായി പൊളിഞ്ഞു വീഴുന്നത്. ഇതിലൊന്നും വകുപ്പ് മന്ത്രിക്ക് ഒരു ബാധ്യതയുമില്ലേ എന്ന് അദ്ദേഹം ചോദിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മാവേലിക്കരയില്‍ കീച്ചേരികടവ് പാലം തകര്‍ന്നു വീണ് രണ്ടു തൊഴിലാളികള്‍ മരിച്ചത്. മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലവും നിര്‍മാണത്തിനിടെ തകര്‍ന്നു വീണിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

Scroll to Top