
തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റാരോപിതനാ എഡിജിപി എം.ആര് അജിത്കുമാറിനെ സംരക്ഷിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയനും കുറ്റവാളിയാണെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്. മുഖ്യമന്ത്രിക്കെതിരെ പ്രത്യേകം കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രി ചുമതലയില്‍ ഇരിക്കാന്‍ അര്‍ഹനല്ലെന്നും ഉടന്‍ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ എഡിജിപിക്ക് ക്ലീന്‍ ചിറ്റ് നല്കിയ വിജിലന്‍സ് അന്വേഷണത്തില്‍ കോടതി ഗുരുതര വീഴ്ച കണ്ടെത്തിയത് മുന്‍നിര്‍ത്തിയാണ് കെപിസിസി അധ്യക്ഷന്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
എഡിജിപി എം.ആര്.അജിത് കുമാര്‍ ഒന്നാം പ്രതിയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി രണ്ടാം പ്രതിയുമായ കേസില്‍ നിയമവിരുദ്ധമായി മുഖ്യമന്ത്രി ഇടപെടല്‍ നടത്തിയെന്ന് തെളിയിക്കുന്നതാണ് കോടതി വിധിയെന്നും സണ്ണി ജോസഫ് പറഞ്ഞു. തന്റെ അടുത്ത രണ്ടാളുകളെ രക്ഷിക്കുന്നതിന് മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്തു. നിയമമാണ് പരമാധികാരി എന്ന് കോടതി വിധിയില്‍ പറയുന്നു. ആരായാലും നിയമത്തിന് വിധേയനാണെന്ന് സൂചിപ്പിച്ചു കൊണ്ടാണ് കോടതി വിധി തുടങ്ങുന്നത്.
ഒരാളെ രക്ഷിക്കുന്നതിന് നിയമത്തിന്റെ എല്ലാ തത്വങ്ങളും ചവിട്ടിമെതിക്കപ്പെട്ടു. അന്വേഷണത്തില്‍ സത്യം തെളിയിക്കുന്നതിനുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന് പകരം പ്രതികളെ സഹായിക്കാനാണ് ഇടപെടല്‍ നടത്തിയത്. രേഖകള്‍ പരിശോധിച്ചപ്പോള്‍ അഴിമതി നടന്നതായി മനസ്സിലാക്കാം. അതിനാല്‍ അന്വേഷണ റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്നും തള്ളിക്കളയുന്നുവെന്നുമാണ് കോടതി പറഞ്ഞത്. രാഷ്ട്രീയ നേതൃത്വത്തിന് ഒരു അധികാരവുമില്ലാത്ത അന്വേഷണത്തില്‍ മുഖ്യമന്ത്രി ഇടപെട്ടിരിക്കുന്നുവെന്ന് കോടതിയുടെ നിരീക്ഷണത്തില്‍ നിന്ന് വ്യക്തമാണ്. പൊലീസ് അന്വേഷിച്ചാല്‍ നീതിയുണ്ടാകില്ല എന്ന് മനസ്സിലാക്കിയ കോടതി സ്വകാര്യ അന്യായയമായി എടുത്തിരിക്കുകയാണ്.
ആര്‍എസ്എസുമായുള്ള മുഖ്യമന്ത്രിയുെട ഇടപാടിന് അജിത് കുമാറാണ് പാലം. തൃശൂര്‍ പൂരം കലക്കിയതിന്റെ പേരില്‍ അജിത് കുമാറിനെതിരെ നടപടിയില്ല. ഭരണ കക്ഷിയിലുള്ളവര്‍ തന്നെ പരാതി പറഞ്ഞിട്ടും കാര്യമില്ല. കോടികളുടെ അനര്‍ഹ സ്വത്തുസമ്പാദനമാണ് അജിത് കുമാര്‍ നടത്തിയത്. ഇതിനെല്ലാം പുറമെ നടത്തിയ അന്വേഷണ പ്രഹസനത്തിന് മുഖ്യമന്ത്രിയുടെ അംഗീകരമുണ്ടെന്ന് കൂടി എഴുതി വയ്ക്കുക കൂടി ചെയ്തു. ആഭ്യന്തര വകുപ്പ് നിയമലംഘനങ്ങളുടെ വകുപ്പാണെന്നും സണ്ണി ജോസഫ് പറഞ്ഞു.



